കൊച്ചി: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ പേരില്‍ പിരിവ് നടത്തിയ സംഭവത്തില്‍ മുല്ലപ്പള്ളിക്ക് മറുപടിയുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എം മോഹനൻ.  ഇടുക്കിയിൽ നിന്നും പിരിച്ച തുക ഉപയോഗിച്ച്  സ്‌ഥലം വാങ്ങി വീട് വച്ചു. എറണാകുളത്തു നിന്നും പിരിച്ച പണം ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്നും സി എന്‍ മോഹനൻ പറഞ്ഞു. 

അഭിമന്യുവിന്‍റെ പേരില്‍  പിരിച്ചെടുത്ത നാലു കോടി രൂപയില്‍ 35 ലക്ഷം രൂപ മാത്രം കുടുംബത്തിന് നല്‍കി ബാക്കി തുക സിപിഎം എടുത്തെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വിമര്‍ശനത്തിനാണ് സിപിഎമ്മിന്റെ മറുപടി. സിപിഎം കച്ചവട പാര്‍ട്ടിയായി മാറിയെന്നും കമ്യൂണിസ്റ്റ് പാർട്ടി പിരിവിനു പേരുകേട്ട പാർട്ടിയാണ്. ബക്കറ്റിൽ കോടികൾ നിറയുന്നതിന്റെ രഹസ്യം കോടിയേരി വെളിപ്പെടുത്തണം. സി പി എം, പാർട്ടിയുമായി ബന്ധമില്ലാത്ത സമ്പന്നരെ നേരത്തെ സ്ഥാനാർത്ഥിയാക്കിയത് എന്തിനാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചത്.

അഭിമന്യുവിന്‍റെ പേരില്‍ ഇടുക്കി ജില്ലയില്‍ നിന്ന് പിരിച്ച പണം പൂര്‍ണമായും അഭിമന്യുവിന്‍റെ കുടുംബത്തിനു തന്നെ കൈമാറിയിട്ടുണ്ട്. അഭിമന്യുവിന്‍റെ കുടുംബത്തിന് വീട് വച്ചു നല്‍കി. സഹോദരിയുടെ വിവാഹം നടത്തി. മാതാപിതാക്കളുടെ പേരില്‍ തുകയും നിക്ഷേപിച്ചെന്ന് സി എന്‍ മോഹനൻ വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ നിന്നു പിരിച്ച രണ്ടേ കാല്‍ കോടി രൂപയോളം രൂപ ബാക്കിയുണ്ട്. ഈ പണം ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമാണ്. ഇതില്‍ നിന്ന് ഒരു രൂപ പോലും സിപിഎം എടുക്കില്ല. അരപ്പൈസ പോലും പാര്‍ട്ടിക്കു വേണ്ട, സിപിഎമ്മിനു വേണ്ട പണം ഇവിടെ വേറെയുണ്ടെന്നും സി എന്‍ മോഹനൻ വ്യക്തമാക്കി. 

അഭിമന്യുവിന്‍റെ പേരില്‍ എറണാകുളത്ത് സ്മാരകം നിര്‍മിക്കുമെന്ന് പാര്‍ട്ടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് . ഇതിനായി സ്ഥലം കണ്ടെത്താനുളള ശ്രമത്തിലാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സി എം സ്റ്റീഫന്‍റെ പേരില്‍ നടത്തിയ പണം പോലും മുക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ആ പണം ചിലര്‍ ''നക്കി തിന്നെന്ന്'' പറഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. മുല്ലപ്പളളി യാത്രയ്ക്കിടെ കൊല്ലത്തു പോയി ഈ പണത്തെ പറ്റി ചോദിക്കട്ടെയെന്നും സി എന്‍ മോഹനന്‍ പറയുന്നു. ജനമഹായാത്ര നുണമഹായാത്രയായി മാറിയെന്നും മോഹനന്‍ പരിഹസിച്ചു.

Read more 

സിപിഎം കച്ചവട സംഘമായി മാറി; അഭിമന്യുവിന് വേണ്ടി പിരിച്ച പണം എവിടെയെന്ന് മുല്ലപ്പള്ളി