കാലടി അയ്യമ്പുഴയിൽ വെച്ച് 37 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ പോലീസ് സാഹസികമായി പിടികൂടി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിച്ച് ഓട്ടോയിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്.
കൊച്ചി: കഞ്ചാവുമായി ഓട്ടോയില്‍ താമസ സ്ഥലത്തേക്ക് പോയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സാഹസികമായി പിടികൂടി. കാലടി അയ്യമ്പുഴയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് കൈ കാണിച്ച് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഇറങ്ങി ഓടിയെങ്കിലും പൊലീസ് പിന്തുടര്‍ന്ന് സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് റാണിനഗര്‍ സ്വദേശി സാഹിദുല്‍ ഇസ്ലാം (30), വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി മുഹമ്മദ് അന്‍ബര്‍ (30) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അയ്യമ്പുഴ പോലീസും ചേര്‍ന്ന് പിടികൂടിയത്. 37 കിലോ കഞ്ചാവ് ഇരുവരില്‍ നിന്ന് പോലീസ് കണ്ടെത്തി.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവ് എത്തിച്ചത്. പോലീസ് പിടികൂടാതിരിക്കാന്‍ ഊടുവഴികളിലൂടെയായിരുന്നു യാത്ര. അയ്യമ്പുഴ ഒലിവ് മൗണ്ടില്‍ വെച്ചായിരുന്നു പോലീസ് പരിശോധന നടത്തിയത്. ഒഡീഷയില്‍ നിന്നും കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കില്‍ വില്‍പന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നത് ആയിരുന്നു ഇവരുടെ രീതി. ഒന്നാം പ്രതി സഹിദുല്‍ ഇസ്ലാമിനെ ഈ വര്‍ഷം കാലടി പോലീസ് സ്റ്റേഷനില്‍ 16 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
അന്വേഷണ സംഘത്തില്‍ പെരുമ്പാവൂര്‍ എ.എസ.പി. ഹാര്‍ദ്ദിക് മീണ, ഇന്‍സ്‌പെക്ടര്‍ ടി.കെ. ജോസി, എസ്.ഐമാരായ സി.എ ജോര്‍ജ്, ജയചന്ദ്രന്‍ എ.എസ്.ഐമാരായ പി.എ അബ്ദുല്‍ മനാഫ്, പോള്‍ ജേക്കബ്, സീനിയര്‍ സി.പി.ഒ.മാരായ ടി.എ. അഫ്‌സല്‍, ബെന്നി ഐസക്, സെബി, പ്രസാദ്, ദിലീപ് കുമാര്‍, സന്ദീപ്, അരുണ്‍ ജോണ്‍സണ്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.


