കേസിലെ ഒന്നാം പ്രതി മരിച്ച സാഹചര്യത്തില്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് മറ്റ് പ്രതികളെ വെറുതെ വിട്ടതെന്നും ദൗര്‍ഭാഗ്യകരമായ വിധിയാണെന്നും സിപിഎം
കാസർകോട് : സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കോൺഗ്രസ് പ്രവർത്തകരെ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിട്ടതിനെതിരെ സിപിഎം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും.
സിപിഎം ഉദുമ ഏരിയാ കമ്മറ്റിയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി മരിച്ച സാഹചര്യത്തില്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് മറ്റ് പ്രതികളെ വെറുതെ വിട്ടതെന്നും ദൗര്‍ഭാഗ്യകരമായ വിധിയാണ് ചൊവ്വാഴ്ച കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദുമ ഏരിയ കമ്മറ്റി സെക്രട്ടറി കെ.മ ണികണ്ഠൻ പറഞ്ഞു.
2013 സെപ്റ്റംബര്‍ മാസം 16ന് തിരുവോണ ദിവസമാണ് സിപിഎം പ്രവർത്തകനായിരുന്ന ബാലകൃഷ്‌ണൻ കുത്തേറ്റ് മരിക്കുന്നത്. വീടിന്‍റെ തൊട്ടടുത്ത് മരണ വീട്ടിൽ പോയി സ്‌കൂട്ടറിൽ മടങ്ങുന്നതിനിടെ ആര്യടുക്കം ഗവ. വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് വെച്ച് ബാലകൃഷ്ണനെ യൂത്തുകോൺഗ്രസ് പ്രവർത്തകർ കുത്തികൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്‍റ് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (28), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത് (34), ആര്യടുക്കത്തെ എ സുരേഷ് (29), ഉദുമ നാലാം വാതുക്കലിലെ യു ശ്രീജയന്‍ (43), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം (29), മജീദ്, ഷിബു കടവങ്ങാനം എന്നിവരായിരുന്നു പ്രതികള്‍.
കേസില്‍ ഒന്നാം പ്രതിയായിരുന്ന പ്രജിത്ത് എന്ന കുട്ടാപ്പി അടുത്തിടെ കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കേസിന്‍റെ കുറ്റപത്രം സമര്‍പ്പിരുന്നത്.
