ചലച്ചിത്രപ്രവര്‍ത്തകൻ കൂടിയായ അഴീക്കോടൻ രാജേഷാണ് അറസ്റ്റിലായത്.
കാസർകോട്: അന്തരിച്ച മുസ്ലീംലീഗ് നേതാവും മുൻമന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് കമന്റിട്ട സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. ബളാലിലെ അഴീക്കോടൻ രാജേഷിനെയാണ് വെള്ളരിക്കുണ്ട് സി.ഐ എം.സുനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്.
മുസ്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് സെക്രട്ടറി ലത്തീഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ട് മറ്റൊരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അപമാനിക്കുന്ന രീതിയില്‍ രാജേഷ് കമന്റിട്ടു. ഇതു ശ്രദ്ധയില്‍പെട്ട മുസ്ലിം ലീഗ് നേതാവ് സ്‌ക്രീന്‍ ഷോട്ട് സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് രാജേഷ് കമന്റ് പിന്‍വലിച്ചിരുന്നു. ചലച്ചിത്രപ്രവര്‍ത്തകനും കലാകാരനും കൂടിയാണ് രാജേഷ്. ഇയാളെ പിന്നീട് പോലീസ് ജാമ്യം നല്‍കി വിട്ടയച്ചു.സിപിഎം പ്രാദേശിക നേതാവാണ് രാജേഷിനെ ജാമ്യത്തിലെടുക്കാനായെത്തിയത്. അതേസമയം പ്രതിക്ക് പെട്ടെന്ന് ജാമ്യം നല്‍കിയതിനെതിരെ ബളാല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ബുധനാഴ്ച ബളാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

