തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് 17 ദിവസത്തിനുള്ളിൽ തിരുവനന്തപുരം വാമനപുരത്തെ ചെല്ലഞ്ചിപ്പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ വിള്ളൽ. മഴ ശക്തമായാൽ റോഡ് പൂർണ്ണമായി ഇടിയുമോ എന്ന് ആശങ്കയിലാണ് നാട്ടുകാർ.

മലയോര മേഖലയുടെ പതിറ്റാണ്ടുകളായുള്ള യാത്രദുരിതത്തിന് പരിഹാരമായി കഴിഞ്ഞ മാസം 24 നാണ് ചെല്ലഞ്ചിപ്പാലം തുറന്നത്. വർക്കലയെയും പൊന്മുടിയെയും ബന്ധിപ്പിക്കുന്നത് പാലത്തിന് ടൂറിസം മേഖലയ്ക്കും ഏറെ ആശ്വാസകരമായിരുന്നു. പക്ഷേ, പാലം വന്നതിന്‍റെ സന്തോഷം അധികം നീണ്ടുനിന്നില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അപ്രോച്ച് റോഡ് തകർന്നു.

അപ്രോച്ച് റോഡിനായി എടുത്തിട്ട മണ്ണ് ഉറപ്പിക്കാതെ ടാർ ചെയ്തതാണ് റോഡ് തകരാൻ കാരണമെന്നാണ് വിലയിരുത്തൽ. 20 മീറ്ററോളം നീളത്തിൽ വിള്ളൽ വീണ സ്ഥലത്ത് നിർമ്മാണം നടത്തിയ കമ്പനി അധികൃതർ പാറപ്പൊടി നിറച്ച് ടാർ ഒഴിച്ച് അടയ്ക്കാനും ശ്രമിച്ചിരുന്നു. എന്നാൽ, ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവർ പിന്മാറുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ റോഡ് ഇടി‍ഞ്ഞ് താഴാനുള്ള സാധ്യതയുമുണ്ട്. 17 കോടി രൂപയാണ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിർമ്മാണ ചെലവ്.