ചിറ്റാർ പാത്താനത്ത് വീട്ടിൽ സ്റ്റീഫന്റെ മകൻ ആൽഫിനെ പമ്പാനദിയിലെ വടശേരിക്കര മംഗലത്ത് കടവിൽ ഡിസംബർ എട്ടിനായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ പ്ലസ് വൺ വിദ്യാർത്ഥി ആൽഫിന്‍‍റെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്കൂളിൽ പോയ ആൽഫിനെ പമ്പയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചിറ്റാർ പാത്താനത്ത് വീട്ടിൽ സ്റ്റീഫന്റെ മകൻ ആൽഫിനെ പമ്പാനദിയിലെ വടശേരിക്കര മംഗലത്ത് കടവിൽ ഡിസംബർ എട്ടിനായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. വടശേരിക്കര ഇടക്കുളം ഗുരുകുലം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ആൽഫിൻ. 

ഡിസംബർ ഏഴിന് സ്കൂളിൽ പോയ ശേഷം തിരികെ വീട്ടിൽ എത്തിയിരുന്നില്ല. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ അടുത്തിടെ ബൈക്കപകടത്തിൽ മരിച്ച സുഹൃത്തിന്റെ വീട്ടിലും തുടർന്ന് നദിക്കരയിലും എത്തിയെന്ന് വ്യക്തമായി.പിന്നീട് നദിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ കാട്ടിൽ നിന്നും ആൽഫിന്റെ സ്കൂൾ ബാഗും ലഭിച്ചിരുന്നു. ലോക്കൽ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലന്നു കാട്ടി ആൽഫിന്റെ മാതാവ് സ്മിത ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

ക്രൈംബ്രാഞ്ച് സിഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മരണത്തിൽദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ക്രൈംബ്രാഞ്ച് സംഘം ആൽഫിന്‍റെ സുഹൃത്തുക്കളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയം കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.