തിരുവനന്തപുരം റേഞ്ച് ഐജിയുടെ ഓപ്പറേഷന്‍ 'ഡാഗറിന്‍റെ' ഭാഗമായാണ് പൊലീസ് പ്രതിയെ തേടിയെത്തിയത്. പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐയെ ആക്രമിക്കുകയായിരുന്നു. 

കൊല്ലം: ക്രിമിനല്‍ കേസിലെ പ്രതി എഎസ്ഐയുടെ കൈ കടിച്ചുമുറിച്ചു. അഞ്ചാലംമൂട് സ്റ്റേഷനിലെ എഎസ്ഐയുടെ കൈയാണ് പ്രാക്കുളം ആലുനിന്നവിള വീട്ടില്‍ വിശാഖ്(20) കടിച്ച് പരിക്കേല്‍പ്പിച്ചത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ഇയാള്‍. ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് വിശാഖിനെ പിടികൂടാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം റേഞ്ച് ഐജിയുടെ ഓപ്പറേഷന്‍ 'ഡാഗറിന്‍റെ' ഭാഗമായാണ് പൊലീസ് പ്രതിയെ തേടിയെത്തിയത്. പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐയെ ആക്രമിക്കുകയായിരുന്നു. 

ദിവസങ്ങള്‍ക്കുമുമ്പ് പ്രാക്കുളത്ത് ഒരുവീട്ടില്‍ മോഷണം നടത്തുന്നതിനിടെ വിശാഖും സഹോദരന്‍ എബിയും പൊലീസ് വലയിലായി. എന്നാല്‍ വിശാഖ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഈ കേസില്‍ വിശാഖിനെ പിടികൂടാനെത്തിയതാണ് പൊലീസ്. പ്രതിയെ പിടികൂടുന്നതിനിടെ വീട്ടുകാരായ സ്ത്രീകളും പൊലീസിനെ ആക്രമിച്ചെന്ന് പരാതിയുണ്ട്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച വിശാഖിന്‍റെ പിതാവ് സുദര്‍ശനന്‍ റിമാന്‍ഡിലാണ്.