കഴിഞ്ഞ 28ന് ഏഷ്യാനെറ്റ് ന്യൂസ് ഈ ദൃശ്യങ്ങൾ പകർത്തുമ്പോൾ റിസോർട്ടിനോട് ചേർന്ന് കുരിശിന്‍റെ പണികൾ ആരംഭിച്ചിരുന്നു.

ഇടുക്കി: ഇടുക്കി പരുന്തുംപാറയിൽ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് പണിത് കയ്യേറ്റക്കാരൻ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫ് നി‍ർമ്മിച്ച റിസോർട്ടിനോട് ചേർന്നാണ് പുതിയതായി കുരിശ് പണിതത്. ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകാൻ നിർദ്ദേശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കുരിശിന്‍റെ പണികൾ പൂർത്തിയാക്കിയത്. വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ മൂന്നേക്കർ മുപ്പത്തിയൊന്നു സെന്‍റ് സർക്കാർ ഭൂമി കയ്യേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വൻകിട റിസോർട്ട് നിർമ്മിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

കഴിഞ്ഞ 28ന് ഏഷ്യാനെറ്റ് ന്യൂസ് ഈ ദൃശ്യങ്ങൾ പകർത്തുമ്പോൾ റിസോർട്ടിനോട് ചേർന്ന് കുരിശിന്‍റെ പണികൾ ആരംഭിച്ചിരുന്നു. ഈ മാസം രണ്ടാം തീയതി പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കളക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തി. ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശിച്ചു. 

സജിത് ജോസഫിന് പേരിനായി സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. എന്നാൽ ഇതവഗണിച്ച് കുരിശിന്‍റെ പണികൾ വെള്ളിയാഴ്ചയാണ് പൂർത്തിയാക്കിയത്. പണികൾ നടക്കുന്നത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. ശനിയാഴ്ച സ്ഥലത്തെത്തിയ തഹസിൽദാർ ഇനി പണികൾ നടത്തരുതെന്ന് നിർദ്ദേശിച്ച് മടങ്ങി. 

YouTube video player

കഴിഞ്ഞയാഴ്ച പീരുമേട്ടിലെത്തിയ സജിത് ജോസഫ് ചില റവന്യൂ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. കയ്യേറ്റ സ്ഥലത്ത് നിരോധനം ലംഘിച്ച് പണികൾ നടത്തിയെന്ന് കണ്ടെത്തിയിട്ടും സജിത് ജോസിഫിനെതിരെ കേസെടുക്കാൻ പൊലീസിൽ പരാതി നൽകിയിട്ടില്ല. 2017ൽ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലും ഇത്തരത്തിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു. പരുന്തുംപാറയിൽ ജില്ലാ കളക്ടർ നിലപാട് ശക്തമാക്കിയതോടെ ഉദ്യോഗസ്ഥർ അവധി ദിവസവും പരിശോധനക്കെത്തുന്നുണ്ട്.

വനിത ഹോസ്റ്റൽ മുറിയിലെ ചാർജർ, തുറന്നപ്പോൾ അകത്തൊരു സ്ലോട്ട്; യുവതിക്ക് തോന്നിയ സംശയം സത്യമായി, ഉടമ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം