കൽപ്പറ്റ: കൊവിഡ് - 19 രോഗവ്യാപനം തടയുന്നതിനായി  വയനാട് ജില്ലയിൽ 144 പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കളായ വിവിധ തരം ഭക്ഷ്യപദാർത്ഥങ്ങൾ, പാൽ, വെള്ളം മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കാമെന്ന് കളക്ടര്‍ വ്യക്തമാക്കി. മതപരമായ ആഘോഷങ്ങൾ, ഉത്സവങ്ങൾ, ആരാധനയ്ക്കായി ഒത്തുചേരൽ, ടൂർണ്ണമെന്‍റുകൾ, കായിക മത്സരങ്ങൾ, ഘോഷയാത്രകൾ, പട്ടികവർഗ്ഗ കോളനികളിലേക്കുള്ള പ്രവേശം, ജില്ലയ്ക്ക് അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങൾ, ഗൃഹപ്രവേശ ചടങ്ങുകൾ തുടങ്ങിയവ ജില്ലയില്‍ നിരോധിച്ചു.

ഇന്ധന വിതരണ സ്ഥാപനങ്ങൾ, ടെലികോം, പോസ്റ്റ് ഓഫിസ്, എടിഎം, ബാങ്ക് എന്നിവക്കും  തുറന്ന് പ്രവർത്തിക്കാവുന്നതാണ്. എന്നാൽ ഇവിടങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇതിനായി പൊലീസിന്‍റെ സഹായം തേടാം. നിരീക്ഷണത്തിലുള്ളവർ നിർദ്ദേശം  ലംഘിച്ചാൽ പൊലീസ് കർശന നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലയിലെ  ലോഡ്ജുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവ അടച്ചിടാനും കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നു.

മറ്റ് ജില്ലകളിൽ  നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ ജില്ലയിലെത്തി ഇത്തരം സ്ഥാപനങ്ങളിൽ മുറിയെടുത്ത് കഴിയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. ഇത്തരം സ്ഥാപനങ്ങൾ അടിയന്തരഘട്ടത്തിൽ കോവിഡ് കെയർ സെന്‍ററുകളായി ഉപയോഗപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. സ്ഥാപനങ്ങളുടെ താക്കോൽ 24 ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ഏൽപ്പിക്കണമെന്നും ഉത്തരവ് വിശദമാക്കുന്നു.