വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് കോഴ വാങ്ങിയും, സ്വന്തക്കാര്‍ക്ക് അനധികൃത നിയമനം നൽകിയും ബിഷപ്പ് തോമസ് കെ ഉമ്മൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് വിശ്വാസികളുടെ ആരോപണം.
ചെങ്ങന്നൂർ: സിഎസ്ഐ സഭയിലെ സാമ്പത്തിക ക്രമക്കേടുകൾക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ ചെങ്ങന്നൂരിൽ വിശ്വാസികളുടെ പ്രതിഷേധ കൂട്ടായ്മ. തോമസ് കെ ഉമ്മൻ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പ്രമേയം പാസാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് കോഴ വാങ്ങിയും, സ്വന്തക്കാര്‍ക്ക് അനധികൃത നിയമനം നൽകിയും ബിഷപ്പ് തോമസ് കെ ഉമ്മൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് വിശ്വാസികളുടെ ആരോപണം. വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി ഒരു വിദ്യാര്‍ത്ഥിയ്ക്ക് എംബിബിഎസ് പ്രവേശനം അനുവദിച്ചതിനെതിരെയും പ്രതിഷേധമുയര്‍ന്നു. ഒരു വര്‍ഷം ഒന്നിലധികം ഓഡിറ്റ് റിപ്പോര്‍ട്ടുകളുണ്ടാകുന്നത് ക്രമക്കേടിന് തെളിവാണെന്ന് വിശ്വാസികൾ പറഞ്ഞു.
ചെങ്ങന്നൂര്‍ ഇടവകയിൽ കണക്കുകൾ അവതരിപ്പിക്കാനും പൊതുയോഗം കൂടാനും ബിഷപ്പ് അനുവദിക്കുന്നില്ല. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പരാതിയുമായെത്തുന്ന കമ്മിറ്റി അംഗങ്ങൾക്കെതിരെ വ്യാജ രേഖകൾ ചമച്ച് പൊലീസ് കേസുണ്ടാക്കുകയാണെന്നും വിശ്വാസികൾ കുറ്റപ്പെടുത്തി. അഴിമതി ചൂണ്ടിക്കാട്ടിയ ചെങ്ങന്നൂര്‍ ഇടവകയിലെ രണ്ട് കൗൺസിലര്‍മാരെ പുറത്താക്കിയതിലും സിഎസ്ഐ നവീകരണ കൂട്ടായ്മ പ്രതിഷേധിച്ചു.
