പള്ളിക്കമ്മിറ്റിയുടെ തീരുമാന പ്രകാരം ഗ്രൗണ്ട് ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു. സ്ഥലം തങ്ങളുടേതാണെന്നും അവിടെ കൃഷി ചെയ്യാൻ തടസ്സമില്ലെന്നുമാണ് പള്ളി ഭാരവാഹികളുടെ വാദം

തിരുവല്ല: സ്കൂൾ ഗ്രൗണ്ടിൽ കൃഷിയിറക്കാൻ മാനേജ്മെന്‍റ് നീക്കം. തിരുവല്ല തീപ്പനി സിഎംഎസ് എൽപി സ്കൂൾ ഗ്രൗണ്ട് മൊത്തമായി സ്കൂൾ മാനേജ്മെന്‍റ് ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു. കഴിഞ്ഞ വർഷവും സ്ഥലത്ത് മാനേജ്മെന്‍റ് കപ്പ നട്ടിരുന്നു. അന്ന് സ്കൂൾ പിടിഎ, വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു. രേഖകൾ പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് സ്ഥലം സ്കൂളിന് അവകാശപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു.

നൂറ് വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള തീപ്പനി സിഎംഎസ് എൽപി സ്കൂൾ. സിഎസ്ഐ സഭാ മാനേജ്മെന്‍റാണ് സ്കൂളിന്‍റെ ഉടമസ്ഥർ. സ്കൂളും പള്ളിയും ഒരേ കോമ്പൗണ്ടിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. ഇതിനോട് ചേർന്നുള്ള സ്ഥലം വർഷങ്ങളായി കുട്ടികളുടെ കളി സ്ഥലമാണ്. 

ഈ സ്ഥലത്താണ് കൃഷിയിറക്കാൻ ഇപ്പോൾ മാനേജ്മെന്‍റ് തീരുമാനിച്ചത്. പള്ളിക്കമ്മിറ്റിയുടെ തീരുമാന പ്രകാരം ഗ്രൗണ്ട് ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു. സ്ഥലം തങ്ങളുടേതാണെന്നും അവിടെ കൃഷി ചെയ്യാൻ തടസ്സമില്ലെന്നുമാണ് പള്ളി ഭാരവാഹികളുടെ വാദം.