മാവേലിക്കര: പൊലീസിനെ വെട്ടിച്ചു കടന്ന കിളിമാനൂർ റേഡിയോ ജോക്കി രാജേഷ് വധക്കേസ്, കുറത്തികാട് പ്രവീൺ വധക്കേസ് എന്നിവയിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാനേതാവുമായ കൃഷ്ണപുരം ദേശത്തിനകം കളത്തിൽ വീട്ടിൽ അപ്പു എന്നു വിളിക്കുന്ന അപ്പുണ്ണി (34) പിടിയില്‍.

ഇന്നലെ വെളുപ്പിന് കാക്കനാട്ടുള്ള വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതിയായ അപ്പുണ്ണിയെ തൃക്കുന്നപ്പുഴയില്‍ നടന്ന മറ്റൊരു വധശ്രമക്കേസിന് ആലപ്പുഴ കോടതിയില്‍ ഹാജരാക്കുന്നതിന് മാവേലിക്കര സബ് ജയിലില്‍ പാര്‍പ്പിക്കാനായി എത്തിച്ചതിനിടെയാണ് ഇയാള്‍ കഴിഞ്ഞ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസിനെ വെട്ടിച്ചു കടന്നത്.

സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കോടതി ജംഗ്ഷനിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തശേഷം പൊലീസുകാര്‍ ഹോട്ടലിലെ പണം കൊടുക്കുന്ന തിരിക്കിനിടയിലാണ് അപ്പുണ്ണി രക്ഷപെട്ടത്. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാവേലിക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മാവേലിക്കര സിഐ പി ശ്രീകുമാറിന്റെ നേതൃത്ത്വത്തിലുളള അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറാദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഇയാളുടെ കൂടെ കഴിഞ്ഞിരുന്ന ചില മുൻകു​റ്റവാളികളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഇയാളെ കടത്തിക്കൊണ്ട് പോയതാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് ഇയാളെ ബൈക്കിൽ പിൻതുടർന്നു വന്ന ചെറുപ്പക്കാരൻ കായംകുളത്തും ഓച്ചിറയിലുമുളള ഗുണ്ടാ നേതാക്കളെ ബന്ധപ്പെടുകയും ഓച്ചിറയിലെ മൊബൈൽ കടയിൽ നിന്ന് പഴയ ഫോൺ മാറി പുതിയത് വാങ്ങുകയും ചെയ്തിരുന്നു.

തുടർന്ന് ഇയാൾ മാവേലിക്കരയിൽ വന്ന് അപ്പുണ്ണിയെ കയ​റ്റിക്കൊണ്ട് പോകുകയുമായിരുന്നു. ഇതിനിടെ ജയിലിൽ വച്ച് അപ്പുണ്ണി മാവേലിക്കരയിലെ ഗുണ്ടാത്തലവനെ വകവരുത്താൻ തീരുമാനിച്ച വിവരവും ലഭിച്ചു. ഇതോടെ ഇയാൾക്ക് സഹായം നൽകാൻ സാധ്യതയുളള ഗുണ്ടാനേതാക്കളെയെല്ലാം കസ്‌റ്റഡിലെടുത്ത് ചോദ്യം ചെയ്തു. ഇയാൾ ചില പുതിയ നമ്പരുകളിൽ നിന്ന് ചില സഹതടവുപുളളികളുടെ ബന്ധുക്കളെ ബന്ധപ്പെട്ട വിവരവും പൊലീസിന് ലഭിച്ചു.

ഇതിനിടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഷാഡോ പൊലീസ് സംഘത്തിന് അപ്പുണ്ണി കാക്കനാടുളള ഒരു സ്ത്രീയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടർന്ന് ഇന്നലെ വെളുപ്പിന് മാവേലിക്കര പൊലീസും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുളള എസ്ഐ സാജൻ ജോസഫ് നേതൃത്വം നൽകിയ ഷാഡോ പൊലീസും ചേർന്ന് വീടുവളഞ്ഞു.

രണ്ടാം നിലയിലെ മുറിയിൽ വച്ച് പൊലീസിനു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ അപ്പുണ്ണി പിന്നെ തോക്ക് സ്വയം വായിൽ തിരുകി ആത്മഹത്യ ഭീഷണി മുഴക്കി. ഇതിനിടെ ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച പൊലീസ് സംഘത്തെ വെട്ടിച്ച് താഴത്തെ നിലയിലേക്ക് ചാടിയ അപ്പുണ്ണിയെ പൊലീസ് സംഘം അതിസാഹസികമായാണ് കീഴ്‌പ്പെടുത്തുകയായിരുന്നു. മാവേലിക്കര കൊണ്ടുവന്ന പ്രതിയെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി.