തൃശൂര്‍: മായന്നൂര്‍കാവ് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്. തടവ് ശിക്ഷയ്ക്കൊപ്പം ഒരു ലക്ഷം രൂപയും പിഴയടക്കണം. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി പ്ലാക്കല്‍ ദാസ് (കൃഷ്ണദാസ്34), ഒറ്റപ്പാലം  കൊട്ടിലം കുറിശ്ശി സത്യന്‍ (34) എന്നിവരെയാണ് തൃശൂര്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ ടി നിസാര്‍ ശിക്ഷിച്ചത്.

മായന്നൂര്‍ സ്വദേശി മൂത്തേടത്ത് പ്രഭാകരന്‍ 2005 മാര്‍ച്ച് 26 നാണ് കൊല്ലപ്പെടുന്നത്. ഉത്സവത്തിനിടയില്‍ ശീതളപാനീയം വിതരണം ചെയ്തിരുന്ന ജീപ്പില്‍ വലിയ ശബ്ദത്തില്‍ പാട്ട് വെച്ചിരുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. പ്രശ്‌നം പറഞ്ഞു തീര്‍ത്തുവെങ്കിലും വിരോധത്താല്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. മറ്റ് പ്രതികളായ കിഴക്കേതില്‍ പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്‍, വലിയവീട്ടുവളപ്പില്‍ മഹേഷ്, രഞ്ജിത്ത് എന്നിവരെ തെളിവിന്‍റെ അഭാവത്തില്‍ വിട്ടയച്ചിരുന്നു.