കാട്ടാക്കട നിയോജകമണ്ഡലം മലയാളം മിഷനുമായി സഹകരിച്ച് 'വേരുകള്‍ ചിറകുകള്‍' സാംസ്‌കാരിക വിനിമയ പരിപാടി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

തിരുവനന്തപുരം: കാട്ടാക്കട നിയോജകമണ്ഡലം മലയാളം മിഷനുമായി സഹകരിച്ച് ഒരുക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടി 'വേരുകള്‍ ചിറകുകള്‍' അകം - പുറം കുട്ടികളുടെ സഹവാസക്യാമ്പ് 2025 ആഗസ്റ്റ് 8, 9, 10 തീയതികളില്‍ നടക്കും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള 25 മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ കാട്ടാക്കട നിയോജകമണ്ഡലത്തിലെ 25 വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ താമസിച്ച് 'സഹ്യനില്‍ നിന്ന് സാഗരം വരെ' എന്ന നാടറിവ് യാത്രയില്‍ പങ്കാളികളാകുന്നു.

ആഗസ്റ്റ് 8 രാവിലെ 10.30-ന് പുളിയറക്കോണം മിയാവാക്കി വനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കാട്ടാക്കട നിയോജകമണ്ഡലം എംഎല്‍.എ അഡ്വ.ഐ.ബി സതീഷ്, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട എന്നിവര്‍ പങ്കെടുക്കും.

മലനാട്, ഇടനാട് തീരപ്രദേശം എന്നിങ്ങനെയുള്ള കേരളത്തിന്റെ പരിസ്ഥിതി വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ച് നമ്മുടെ കാര്‍ഷിക ഗ്രാമീണ ജീവിതവും സംസ്‌ക്കാരവും ഭാഷാഭേദങ്ങളും മനസ്സിലാക്കുകയും അരുവിപ്പുറം പ്രതിഷ്ഠ, മഹാത്മാ അയ്യങ്കാളി സ്മാരകം തുടങ്ങിയവ കണ്ടും അറിഞ്ഞും നവോത്ഥാന ചരിത്രബോധം അകം പുറം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. കാടറിവ്, പുഴയറിവ്, നാടറിവ്, നേരറിവ്, വയലറിവ്, കടലറിവ്, കലയറിവ് എന്നീ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന അറിവ് യാത്ര കോട്ടൂര്‍ വനത്തില്‍ നിന്ന് ആരംഭിക്കും.

നെയ്യാര്‍ ഉത്ഭവിക്കുന്ന ഇടത്തില്‍ നിന്ന് തുടങ്ങി പൂവാറില്‍ നദി കടലില്‍ ചേരുന്നതുവരെയുള്ള തീരങ്ങളിലൂടെ യാത്രചെയ്യുന്ന കുട്ടികളുമായി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംവദിക്കും ആഗസ്റ്റ് 9-ന് രണ്ടാം ദിനത്തില്‍ പൂഴനാട് പാടശേഖരം സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നെല്ല് നടീല്‍ അനുഭവം ആര്‍ജ്ജിക്കുകയും പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ പരിചയപ്പെടുകയും ചെയ്യും.

അരുവിപ്പുറം സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുമായി ശ്രീനാരായണഗുരു ദര്‍ശനത്തെക്കുറിച്ച് സ്വാമി സാന്ദ്രാനന്ദ സംസാരിക്കും. വൈകുന്നേരം കാട്ടാക്കടയില്‍ എത്തുന്ന കുട്ടികള്‍ പശുപരിപാലനം പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ഡയറിഫാം സന്ദര്‍ശിക്കും. കാട്ടാക്കടയില്‍വെച്ച് ക്യാമ്പ് അംഗങ്ങളും പ്രദേശിക കലാകാരരും പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നം നടക്കും. ആഗസ്റ്റ് 10 മൂന്നാംദിനത്തില്‍ കുട്ടികള്‍ പൂവാര്‍പൊഴിക്കര സന്ദര്‍ശിച്ച് കടല്‍ ജീവിതത്തെ അറിയും.

കടല്‍ഭാഷയും മത്സ്യബന്ധനരീതികളും കടല്‍പ്പാട്ടുകളും ഈ സെഷനില്‍ കുട്ടികള്‍ പരിചയപ്പെടും. തുടര്‍ന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിക്കുന്ന ക്യാമ്പ് അംഗങ്ങള്‍ നവകേരളത്തിന്റെ വികസന മുഖത്തെ അടുത്തറിയും. സമാപന സമ്മേളനം കോവളം ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ വെച്ച് നടക്കും. കവിയും മലയാളം മിഷന്‍ മുന്‍ രജിസ്ട്രാറുമായ വിനോദ് വൈശാഖി ക്യാമ്പ് ഡയറക്ടറായിരിക്കും. സ്വാമി സാന്ദ്രാനന്ദ, ആദിവാസി മൂപ്പന്‍ മല്ലന്‍കാണി, ഡോ. ജയകുമാര്‍ കോട്ടൂര്‍, കവി ഡി അനില്‍കുമാര്‍, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനില്‍കുമാര്‍ എന്നിവര്‍ യാത്രയില്‍ കുട്ടികളുമായി സംവദിക്കും.