കായംകുളത്തെ നൂറുൽ ഹുദ മദ്റസ വളപ്പിൽ ഒരേ വാഴക്കുലയിൽ പച്ചയും ചുവപ്പും നിറത്തിലുള്ള കായ്കൾ ഉണ്ടായി. സസ്യങ്ങളിലെ 'ചിമേര' എന്ന അപൂർവ്വ ജനിതക വ്യതിയാനമാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

കായംകുളം: ഒരേ വാഴക്കുലയിൽ പച്ചയും ചുവപ്പും നിറത്തിലുള്ള കായ്കൾ വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി. കാപ്പിൽ കിഴക്ക് മുസ്‍ലിം ജമാഅത്തിന്റെ നൂറുൽ ഹുദ മദ്റസ വളപ്പിലാണ് ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമായത്. സാധാരണയായി ചെങ്കദളി, പച്ചവാഴ എന്നിവ വേറെവേറെ കുലകളായാണ് ഉണ്ടാകുന്നത്. മദ്റസ കോമ്പൗണ്ടിൽ നട്ട വാഴ കുലച്ചപ്പോഴാണ് ഈ വേറിട്ട കാഴ്ച ശ്രദ്ധയില്പെട്ടത്.

സസ്യങ്ങളിലുണ്ടാകുന്ന അപൂർവ്വ ജനിതക വ്യതിയാനമായ ‘ചിമേര’ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് കൃഷി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാഴ വളരുന്ന ഘട്ടത്തിൽ കോശങ്ങളിലുണ്ടാകുന്ന മാറ്റം കാരണമാണ് ഒരേ കുലയിൽ വ്യത്യസ്ത നിറങ്ങൾ പ്രത്യക്ഷപ്പെടുന്നത്. നിറത്തിൽ വ്യത്യാസമുണ്ടെങ്കിലും ഈ പഴങ്ങളുടെ രുചിയിലോ പോഷകഗുണങ്ങളിലോ യാതൊരു മാറ്റവുമില്ലെന്നും ഇവ സാധാരണപോലെ കഴിക്കാമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.