ലോഡ് ഷെഡിങിന്റെ ഭാഗമായി അരമണിക്കൂർ പവർകട്ട് കാണും എന്നാണ് പല സെക്ഷൻ ഓഫീസുകളിലും ബന്ധപ്പെട്ടവർക്ക് മറുപടി ലഭിച്ചത്. പല തവണയായി 3 മണിക്കൂറോളം കറന്‍റ് ഇല്ലാത്ത അവസ്ഥയായിരുന്നുവെന്നാണ് പരാതി.
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ കെഎസ്ഇബി അർധരാത്രി പവർകട്ട് നടത്തിയെന്ന് പരാതി. ഇന്നലെ രാത്രി തിരുവനന്തപുരം ജില്ലയുടെ പല സ്ഥലങ്ങളും ഇരുട്ടിലായിരുന്നു. പരാതി പറയാന്‍ വിളിച്ചപ്പോള്‍ കെഎസ്ഇബി ജീവനക്കാര്‍ ഫോണുകള്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും പരാതിയുണ്ട്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപ്രതീക്ഷിതമായി കറന്‍റ് പോയത്.
ലോഡ് ഷെഡിങിന്റെ ഭാഗമായി അരമണിക്കൂർ പവർകട്ട് കാണും എന്നാണ് പല സെക്ഷൻ ഓഫീസുകളിലും ബന്ധപ്പെട്ടവർക്ക് മറുപടി ലഭിച്ചത്. പല തവണയായി 3 മണിക്കൂറോളം കറന്‍റ് ഇല്ലാത്ത അവസ്ഥയായിരുന്നുവെന്നാണ് പരാതി. തീരദേശം, മലയോരം ഉൾപ്പടെ ചില മേഖലകളില്‍ വൈദ്യുതി പുന:സ്ഥാപിച്ചിട്ടില്ലെന്നാണ് പരാതി.
ഒരു മുന്നറിയിപ്പും ഇല്ലാതെ രാത്രി മുതൽ തുടങ്ങിയ പവർകട്ടിൽ ജനം വലഞ്ഞു. കെഎസ്ഇബിയുടെ ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങൾക്കും മാധ്യമങ്ങളിലേക്കും എത്തിക്കാൻ പിആർഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും സമയോചിത ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കറന്റ് ഇല്ലാത്ത വിവരം പറയാൻ സെക്ഷൻ ഓഫീസുകളിലേക്ക് ജനങ്ങളുടെ ഫോൺ വിളികൾ എത്തിയതോടെ പല സെക്ഷൻ ഓഫീസുകളിലും മറുപടി പറയാൻ മടിച്ച് ഫോൺ റിസീവർ മാറ്റിവെച്ചെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
