കായംകുളം-പുനലൂർ റോഡിൽ കാറിൽ സൈറൺ മുഴക്കി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ചാരുംമൂട്: കായംകുളം-പുനലൂർ റോഡിൽ എമർജൻസി വാഹനങ്ങളിൽ ഉപയോഗിക്കുന്ന സൈറൺ മുഴക്കിയും അമിത ശബ്ദവും പ്രത്യേക വെളിച്ചവും ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ കാർ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച ശൂരനാട് വടക്ക് പാവുമ്പ സ്വദേശി അച്ചു പ്രസാദിനെതിരെ പോലീസ് കേസെടുത്തു. വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 24,600 രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെ ചാരുംമൂട് ജംഗ്ഷന് കിഴക്കുവശത്താണ് സംഭവം. കാറിന്റെ പുറംഭാഗത്തും പ്ലാറ്റ്ഫോമിലുമുൾപ്പെടെ എൽ ഇ ഡി ലൈറ്റുകൾ ഘടിപ്പിച്ച് കാഴ്ച മങ്ങുന്ന രീതിയിൽ പ്രകാശം പരത്തിയും സൈലൻസർ ഇരപ്പിച്ചുമായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറനാട് പോലീസ് രാത്രികാലങ്ങളിൽ നടത്തിവരുന്ന പട്രോളിങ്ങിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ അമിത മദ്യലഹരിയിലാണെന്ന് കണ്ടെത്തി. ഇതോടെ വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയും വാഹനം മാവേലിക്കര ജോയിന്റ് ആർ ടി ഒയ്ക്ക് കൈമാറുകയും ചെയ്തു. തുടർന്ന് ജോയിന്റ് ആർ ടി ഒയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷെമീറും സംഘവും നൂറനാട് പോലീസ് സ്റ്റേഷനിലെത്തി വാഹനം പരിശോധിച്ചു. ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
താക്കോലിന് പകരം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യുന്ന സംവിധാനം, എമർജൻസി വാഹനങ്ങളിലെ സൈറൺ, വാഹനത്തിന്റെ യഥാർത്ഥ നിറം മാറ്റിയുള്ള കളർ ചെയ്ഞ്ചിങ് സംവിധാനം, പ്ലാറ്റ്ഫോമിലെ എൽ ഇ ഡി ലൈറ്റുകൾ, അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസർ, പുറത്തേക്ക് തള്ളിനിൽക്കുന്ന അലോയ് വീലുകൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്ന് വാങ്ങിയ വാഹനം ഉടമസ്ഥാവകാശം മാറ്റാതെയാണ് ഇവർ രൂപമാറ്റം വരുത്തിയത്. അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയും അമിത ശബ്ദവും വെളിച്ചവും ഉപയോഗിച്ചും റോഡുകളിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾക്കെതിരെ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.




