ഇടുക്കി: സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. മകൾക്ക് എഴുതിക്കൊടുത്തതാണെന്ന തെറ്റിധാരണയിൽ മറ്റ് മക്കളും അഭയം നൽകാതായതോടെ പെരുവഴിയിലായിരിക്കുകയാണ് ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി മേരി. 

ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കൾക്ക് തുല്യമായി വീതിച്ചുകൊടുത്തതാണ് ഇരട്ടയാർ സ്വദേശിനി മേരി. 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്‍റെ പേരിൽ വച്ചു.  തന്‍റെ മരണശേഷം അതും മക്കൾക്ക് കൊടുക്കാനായിരുന്നു മേരിയുടെ തീരുമാനം.

ഇതിനിടെ പെണ്‍മക്കളിൽ മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപ്പേപ്പറിൽ മേരിയിൽ നിന്ന് ഒപ്പിട്ടുവാങ്ങി. പിന്നീടാണ് സ്ഥലവും വീടും തട്ടിയെടുത്തതാണെന്ന് മനസിലായത്. ചോദ്യം ചെയ്തപ്പോൾ മേരിയെ വീട്ടിൽ നിന്ന് ഇറക്കിയും വിട്ടു. തൊട്ടടുത്തായി മറ്റ് മക്കൾ ഉണ്ടെങ്കിലും മകൾക്ക് എഴുതിക്കൊടുത്തതാണെന്ന തെറ്റിധാരണയിൽ അവരും കൈയ്യൊഴിയുകയാണ്. നീതിക്കായി ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് മേരി. എന്നാല്‍ ആരോപണത്തിൽ മകള്‍ സാലി  ഇതുവരേയും പ്രതികരിച്ചിട്ടില്ല.