നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് അരമണിക്കൂറോളം പരിശ്രമിച്ചാണ് പശുവിനെ കരയ്ക്ക് കയറ്റിയത്.
അമ്പലപ്പുഴ: ഓടയിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്സ് സംഘം. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നീർക്കുന്നം തട്ടയ്ക്കാട് വടക്കേതിൽ ജോയി മോളിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ഓടയിൽ വീണത്. രണ്ടാഴ്ച മുൻപാണ് ജോയി ഈ പശുവിനെ വാങ്ങിയത്. അഞ്ച് ദിവസം മുൻപ് പ്രസവിച്ച പശു യാദൃച്ഛികമായാണ് സമീപത്തെ ഓടയിൽ വീണത്.
പശുവിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ വിവരമറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് താഹയുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം അരമണിക്കൂറോളം പണിപ്പെട്ട് പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഭക്ഷണവും വെള്ളവും നൽകിയതോടെ പശു അപകട നില തരണം ചെയ്തു. ഫയർമാൻമാരായ രഞ്ജുമോൻ, പ്രശാന്ത്, അനീഷ് കെ.ആർ, സെബാസ്റ്റ്യൻ, അർജുൻ, പുഷ്പരാജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


