ചേർത്തല: അർത്തുങ്കൽ ആയിരംതൈയില്‍ തിമിംഗലം തീരത്തടിഞ്ഞു. മഴയും കാറ്റും ശക്തി പ്രാപിച്ചതോടെയാണ് അടിയൊഴുക്കിൽ പെട്ട് തിമിംഗലം തീരത്ത് ഒഴുകിയെത്തിയത്. ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപത്തെ മത്സ്യത്തൊഴിലാളികളാണ് കരയ്ക്കടിഞ്ഞ നിലയില്‍ തിമിംഗലത്തെ കണ്ടെത്തിയത്. 

ഇതിന് 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. 10 വയസോളം പ്രായവും ജഡത്തിന് രണ്ടാഴ്ച്ചയിൽപ്പരം പഴക്കവുമുള്ളതായി അധികൃതർ വ്യക്തമാക്കി.

പ്രായമായതിനാലോ, ഉൾക്കടലിൽ കപ്പലിന്റെ ഭാഗങ്ങൾ കൊണ്ടുണ്ടായ അപകടത്തെത്തുടര്‍ന്നോ ചത്തതായിരിക്കാമെന്നും കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്നും അധികൃതർ പറഞ്ഞു.