Asianet News MalayalamAsianet News Malayalam

പെട്ടിമുടി ദുരന്തം: കാരണമായത് ഡെബ്‌റിസ് ഫ്‌ളോയെന്ന് ശാസ്‌ത്രപഠന സംഘം

വെള്ളം നിറഞ്ഞ മണ്ണും വിഘടിച്ച പാറകളും പര്‍വതനിരകളില്‍ നിന്നും ഒഴുകിയിറിങ്ങുന്ന ഭൂഗര്‍ഭപ്രതിഭാസമാണ് പെട്ടിമുടിയില്‍ നടന്നതെന്നാണ് പ്രാഥമികമായി ഈ സംഘം വിലയിരുത്തിയത്

Debris flows cause for Pettimudi Landslide researchers Report
Author
Pettimudi Hill Top, First Published Sep 14, 2020, 12:05 PM IST

ഇടുക്കി: പെട്ടിമുടിയില്‍ 70 പേരുടെ ജീവന്‍ അപഹരിച്ച ദുരന്തമുണ്ടാക്കിയത് ഡെബറിസ് ഫ്‌ളോ എന്നു വിളിക്കാവുന്ന പ്രതിഭാസമാണെന്ന് ദുരന്തസ്ഥലം സന്ദര്‍ശിച്ച ശാസ്ത്രസംഘം. വിനാശകാരമായി മാറുന്ന വിധത്തിലുള്ള അപകടമാണ് പെട്ടിമുടിയില്‍ സംഭവിച്ചത്. വെള്ളം നിറഞ്ഞ മണ്ണും വിഘടിച്ച പാറകളും പര്‍വതനിരകളില്‍ നിന്നും ഒഴുകിയിറിങ്ങുന്ന ഭൂഗര്‍ഭപ്രതിഭാസമാണ് പെട്ടിമുടിയില്‍ നടന്നതെന്നാണ് പ്രാഥമികമായി ഈ സംഘം വിലയിരുത്തിയത്. 

20 ഡിഗ്രി ചരിവിലുള്ള മലനിരകളില്‍ പെയ്ത അതിതീവ്ര മഴയും അപകടത്തിന്റെ ആഘാതം കൂടുതലാക്കി. ദുരന്തത്തിരയായ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്തും നിന്നും അപകടത്തിന്റെ പ്രഭവകേന്ദ്രം വരെയുള്ള സ്ഥലങ്ങളില്‍ സംഘം പരിശോധനകള്‍ നടത്തി. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും സംഘം ഉദ്ദേശിക്കുന്നുണ്ട്. 

മറ്റ് കണ്ടെത്തലുകളും നിര്‍ദേശങ്ങളും

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നിരന്തരം മലയിടിച്ചില്‍ ഉണ്ടാകുന്ന മൂന്നാര്‍ മേഖലയിലെ പരിസ്ഥിതിയെക്കുറിച്ച് പ്രത്യേക നിരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്. അതില്‍ മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം താലൂക്കില്‍ അപകട സാധ്യതയുള്ള നിരവധി പ്രദേശങ്ങള്‍ പഠനത്തില്‍ കണ്ടെത്തി. സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പിനു കാത്തുനില്‍ക്കാതെ ജനങ്ങള്‍ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ കരുതലുകള്‍ സ്വീകരിക്കുവാന്‍ തക്കവിധത്തിലുള്ള നടപടികള്‍ ഭാവിലുണ്ടാകണം. അതിന് ജനസാന്ദ്രതയും അപകടസാധ്യതയുമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മഴമാപിനികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം പ്രദേശങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി പ്രവര്‍ത്തനങ്ങളിലും ശാസ്‌ത്ര സംഘത്തിന്റെ കൂടി വിദഗ്ദ അഭിപ്രായം തേടുന്നത് ഉചിതമാണ്. മലയോര മേഖലകളില്‍ അപകടകരമായ വിധത്തിലാണ് പലയിടങ്ങളിലും റോഡ് നിര്‍മ്മിച്ചിട്ടുള്ളതെന്നും സംഘം വിലയിരുത്തി. 

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വിയണ്‍മെന്റല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.സാബു ജോസഫ്, നാഷണന്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ശാസ്ത്രജ്ഞന്‍ ഡോ.ജോണ്‍ മത്തായി, ജി.ഐ.എസ് അനലിസ്റ്റ് അച്ചു, കേരള യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പെട്ടിമുടിയില്‍ പഠനം നടത്തിയത്.  

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് താങ്ങായ് മൂന്നാര്‍ തമിഴ് സംഘം; ആദ്യഘട്ട സഹായം കൈമാറി

Follow Us:
Download App:
  • android
  • ios