മൂന്നാര്‍: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് മൂന്നാര്‍ തമിഴ്‌ സംഘത്തിന്റെ നേതൃത്വത്തില്‍ സഹായധനം നല്‍കി. മൂന്നാര്‍ വെങ്കിടേശ്വരാ ഇന്നില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരുപതോളം പേര്‍ക്ക് സഹായധനം അനുവദിച്ചു. പ്രഥമഘട്ടമെന്ന നിലയില്‍ അനുവദിച്ച തുക ഏറെയും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അനുവദിച്ചത്. 

കുടുംബത്തിലെ പതിമൂന്നു പേരും മരിച്ച് തനിച്ചായ കറുപ്പായിയും മാതാപിതാക്കളെ നഷ്ടപ്പെട്ട സഹോദരങ്ങളായ ഹേമലതയും ഗോപികയ്ക്കുമെല്ലാം 25,000 വീതമുള്ള സഹായങ്ങളാണ് അനുവദിച്ചത്. താമസയോഗ്യമല്ലാത്ത വിധത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ച് മറ്റിടങ്ങളിലേക്ക് താമസം മാറി പോയവര്‍ക്കും പ്രത്യേക സഹായങ്ങള്‍ അനുവദിച്ചുണ്ട്. കേരളത്തിലുടനീളമുള്ള 10 സംഘങ്ങളുടെ സഹായത്തോടെയാണ് തുകകള്‍ നല്‍കുന്നത്. 

ചടങ്ങില്‍ മൂന്നാര്‍ തമിഴ്‌സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ജയപാല്‍ അധ്യക്ഷത വഹിച്ചു. ഓള്‍ കേരള തമിഴ് ഫെഡറേഷന്‍ പ്രസിഡന്റ് അബൂബക്കര്‍, ജനറല്‍ സെക്രട്ടറി മുത്തുരാമന്‍, കോ-ഓര്‍ഡിനേറ്റര്‍ വീരാനം മുരുകല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായവിതരണത്തിനുള്ള തുകകള്‍ സമാഹരിക്കുന്നത്. തമിഴ് സംഘത്തിന്റെ വൈസ്പ്രസിഡന്റ് ശക്തിവേല്‍, സെക്രട്ടറി ഗുണശീലന്‍, ട്രഷറന്‍ പ്രകാശ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഡോ.ജയകൃഷ്ണന്‍, കാശി എന്നിവര്‍ സംബന്ധിച്ചു.