കോഴിക്കോട്: കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചു കൊല്ലാനുള്ള സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശപ്രകാരമുള്ള നടപടികൾ കട്ടിപ്പാറ പഞ്ചായത്തിലും സ്വീകരിക്കാൻ തീരുമാനമായി. 2017ൽ രൂപീകരിച്ച വനം ജാഗ്രതാ സമിതി അംഗങ്ങളായ ജനപ്രതിനിധികൾ, വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

മലയോര കാർഷിക മേഖലയായ കട്ടിപ്പാറയിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം നിരവധി കർഷകരാണ് കാർഷികമേഖലയിൽ നിന്നും പിന്മാറിയത്. കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി ഫെൻസിംഗ് പദ്ധതി നടപ്പിലാക്കിയത് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലാണ്. ഇത് വരെ 16 ഹെക്ടർ സ്ഥലത്ത് പദ്ധതി പൂർത്തീകരിച്ചു. കർഷകരെ സഹായിക്കുന്നതിന് വേണ്ടി ഓരോ വാർഷിക പദ്ധതിയിലും 40 ശതമാനം ഫണ്ട് ഉൽപാദന മേഖലയ്ക്ക് വകയിരുത്തുന്നുണ്ട്.

ഇപ്പോൾ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയും കർഷകർക്ക് പ്രയോജനപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കുകയാണ്. എന്നിട്ടും വന്യജീവികളുടെ ശല്യം കാരണം കർഷകർക്ക് ഉല്പാദനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല. കാട്ടുപന്നികളുടെ അതിക്രമത്തിലാണ് കൂടുതലായും കാർഷിക വിളകൾ നശിക്കുന്നത്. കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനമായത് കർഷകർക്ക് വലിയ ആശ്വാസമാകും.  

ഇതിന് വേണ്ടി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ്  ബേബി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിധീഷ് കല്ലുള്ളതോട് ,ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോർജ് ,സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി.സി. തോമസ് ,മദാരി ജുബൈരിയ, ബേബി ബാബു ,ബീറ്റ് ഓഫിസർ ദീപേഷ്‌, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ,കർഷക പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.