ഇടുക്കി; അതിർത്തി പ്രദേശമായ തമിഴ്നാട്ടിലെ ആനമല ചെമ്മേടിൽ മാൻവേട്ട നടത്തിയ നാലുപേരെ തമിഴ്നാട് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ചെമ്മേട് സ്വദേശി ബാലകൃഷ്ണൻ (48), മാരപ്പകൗണ്ടർ പുത്തൂർ സ്വദേശി ദുരസാമി (62), പെരിയപോതു ഗ്രാമം സ്വദേശി സുന്ദർ രാജ് (51), പാലക്കാട് വണ്ണമട നെടുമ്പാറ സ്വദേശി പ്രകാശ് (29) എന്നിവരാണ് അറസ്റ്റിലായത്. 

ഇതിലെ മറ്റൊരു പ്രതി മുമ്പ്‌ വേട്ട നടത്തിയ കേസിന് ശിക്ഷിച്ചയമുഭവിച്ച മാരപ്പകൗണ്ടർ, പുത്തൂർ സ്വദേശി തമിഴരശൻ (48) ഒളിവിലാണ്. ഇയാൾക്ക് വേണ്ടി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. അസി. ഫോറസ്റ്റ് കൺസർവേറ്റർ മാരിമുത്തുവിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ  അടിസ്ഥാനത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കാശിലിംഗത്തിൻറെ നേതൃത്വത്തിലുള്ള സംഘം നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

കുവൈറ്റിൽ ജോലിചെയ്യുന്ന മലയാളിയായ ഡോ. ഷാജുവിന്‍റെ  200ഏക്കർ സ്ഥലത്ത് നിന്നാണ് മാനിനെ വേട്ടയാടിയതെന്ന് പ്രതികൾ മൊഴി നൽകിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിൽ നിന്ന് മാനിൻറെ തല, കൊമ്പ്, ഇറച്ചി, നാടൻ തോക്ക്, തോക്കിൽ നിറയ്ക്കാനുള്ള തോട്ടകൾ, കത്തി, തോക്ക് നിർമിക്കാനുള്ള ഉപകരണങ്ങൾ, ടോർച്ച്, ഹെഡ്‌ലൈറ്റ് എന്നിവയും കസ്റ്റഡിയിലെടുത്തു. 

മാനിൻറെ ഇറച്ചി കേരളത്തിലെയും പൊള്ളാച്ചി തിരുപ്പൂർ മേഖലയിലുള്ള ചില ഹോട്ടലുകൾക്ക് വിറ്റതായും ഇവര്‍ മൊഴി നൽകിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ബാലകൃഷ്ണൻ തോക്ക് നിർമാണത്തിൽ പ്രത്യേക വൈദഗ്‌ധ്യം ഉള്ളയാളാണെന്ന് അധികൃതർ പറഞ്ഞു. ഒളിവിൽ കഴിയുന്ന തമിഴരശൻ 2015-ൽ ഒരു മൃഗവേട്ട കേസിൽ അറസ്റ്റിലായിരുന്നു.