Asianet News MalayalamAsianet News Malayalam

കേരളത്തിന് വീണ്ടും അഭിമാനിക്കാം; കൊവിഡ് പരിശോധന ഫലപ്രദമാക്കാന്‍ 'വിസ്‌ക്' ഏറ്റെടുത്ത് പ്രതിരോധ വകുപ്പ്

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തദ്ദേശീയമായി വികസിപ്പിച്ച വിസ്‌ക് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ട് സാമ്പിള്‍ ശേഖരണം സുരക്ഷിതമായി പൂര്‍ത്തിയാക്കാം എന്നതാണ് വിസ്‌കിന്റെ പ്രധാന സവിശേഷത.

defense department adopts wisc to improve covid test
Author
Ernakulam, First Published May 16, 2020, 3:44 PM IST

തിരുവനന്തപുരം: കൊവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് എന്ന വിസ്‌ക് ഏറ്റെടുത്ത് പ്രതിരോധ വകുപ്പും. മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ എക്കണോ വിസ്‌ക് എന്ന് പേരിട്ടിരിക്കുന്ന വിസ്‌കിന്റെ നവീകരിച്ച മാതൃകയാണ് പ്രതിരോധ വകുപ്പിന് കീഴില്‍ വരുന്ന ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ പുതിയ വിസ്‌കിലെ മര്‍ദ ക്രമീകരണങ്ങളും വായു സഞ്ചാരവും ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളത്.

കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. രാജ്യത്തിന്റെ കൊവിഡ് പോരാട്ടങ്ങള്‍ക്ക് വലിയ രീതിയില്‍ മുതല്‍ക്കൂട്ടാവുന്ന രീതിയിലാണ് എക്കണോ വിസ്‌ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് സംസ്ഥാന ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ഒരു അഭിമാന മുഹൂര്‍ത്തമാണ്. വിസ്‌ക് വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയ എറണാകുളം മെഡിക്കല്‍ കോളേജ് ആര്‍എംഒ. ഡോ ഗണേഷ് മോഹന്‍, എആര്‍എംഒ ഡോ മനോജ്, എന്‍എച്ച്എം എറണാകുളം അഡീഷണല്‍ പ്രോഗ്രാം മാനേജര്‍ ഡോ നിഖിലേഷ് മേനോന്‍ അഡീഷണല്‍ ഡിഎംഒ ഡോ വിവേക് കുമാര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

എറണാകുളം മെഡിക്കല്‍ കോളേജ് വികസിപ്പിച്ചെടുത്ത വിസ്‌ക് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ വ്യാപകമായി സാമ്പിളെടുക്കാന്‍ വിസ്‌ക് ഉപയോഗിച്ചു വരികയാണ്. ഇതാണ് നവീകരിച്ച് എക്കണോ വിസ്‌ക്കാക്കി മാറ്റിയത്. ഭാരം കുറവുള്ളതും അടര്‍ത്തി മാറ്റി ഫീല്‍ഡില്‍ കൊണ്ടുപോയി വളരെ വേഗം സെറ്റ് ചെയ്യാനും കഴിയും. ഹെലികോപ്ടറില്‍ ഇളക്കിമാറ്റി കൊണ്ടു പോകാന്‍ കഴിയും എന്നതാണ് എക്കണോ വിസ്‌കിന്റെ ഏറ്റവും വലിയ സവിശേഷത. അതിനാല്‍ തന്നെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ഉള്‍പ്രദേശത്തും വളരെ ദൂരെയുള്ള ആശുപത്രികളിലും ഉപയോഗിക്കാന്‍ കഴിയും. പരിശോധന സൗകര്യങ്ങള്‍ വളരെ പരിമിതമായ സ്ഥലങ്ങളിലും വിസ്‌കിന്റെ പുതിയ മാതൃക ഉപയോഗിക്കാന്‍ സാധിക്കും.

എക്കണോ വിസ്‌ക് മാതൃക ഹെലികോപ്ടര്‍ വഴി ദക്ഷിണ നാവികസേന ആസ്ഥാനത്തെ ആശുപത്രിയായ ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ എത്തിച്ചാണ് കൈമാറിയത്. കമാന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതി സരീന്‍ വിസ്‌ക് ഏറ്റുവാങ്ങി. കേരളം വികസിപ്പിച്ചെടുത്ത വിസ്‌ക് മാതൃക ഇതോടു കൂടി പ്രതിരോധ വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തദ്ദേശീയമായി വികസിപ്പിച്ച വിസ്‌ക് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ട് സാമ്പിള്‍ ശേഖരണം സുരക്ഷിതമായി പൂര്‍ത്തിയാക്കാം എന്നതാണ് വിസ്‌കിന്റെ പ്രധാന സവിശേഷത.
 

Follow Us:
Download App:
  • android
  • ios