തിരുവനന്തപുരം: പൂന്തുറയില്‍ കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെയും പൂന്തുറയില്‍ തടഞ്ഞു. റോഡ് ഷോയുടെ ഭാഗമായുള്ള പ്രചാരണത്തിനാണ് ഇരുവരും കഴിഞ്ഞ ദിവസം പൂന്തുറയില്‍ എത്തിയത്. എന്നാല്‍ പൂന്തുറയുടെ ഉള്‍പ്രദേശങ്ങലിലേക്ക് ഇരുവരെയും കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇത് ഏറെ നേരം സംഘര്‍ഷത്തിന് വഴിവെച്ചു.

തുടര്‍ന്ന് പൂന്തുറ ജംഗ്ഷനില്‍ പ്രചാരണം അവസാനിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. നേരത്തെ ഓഖി ദുരന്തമുണ്ടായപ്പോള്‍ നിര്‍മ്മലാ സീതാരാമന്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ബിജെപിയുടെ പ്രചാരണത്തിന് പ്രതിരോധമന്ത്രിയെത്തിയത്. എന്നാല്‍ മന്ത്രിയേയും സ്ഥാനാര്‍ത്ഥിയേയും ഉള്‍പ്രദേശങ്ങളിലേക്ക് കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയുടെ റോഡ് ഷോ തടഞ്ഞതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 

"

നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പൂന്തുറ ജംഗ്ഷനില്‍ പ്രചാരണം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ മോദി തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും അങ്ങനെയാണ് താന്‍ ഓഖി സമയത്ത് എത്തിയതെന്നും പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിഷുകൈനീട്ടമായി മലയാളികള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. കുമ്മനത്തെ മടക്കി അയച്ച് പൂന്തുറ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.