വയനാട്: സിസ്റ്റർ ലൂസി കളപ്പുരയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് ഒരുമാസം തികയാറായിട്ടും നടപടിയെടുക്കാതെ അന്വേഷണസംഘം. ശക്തമായ തെളിവുകളുണ്ടായിട്ടും പ്രതിയും മാനന്തവാടി രൂപതാ വക്താവുമായ ഫാ. നോബിള്‍ തോമസ് പാറക്കലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. വയനാട് വെള്ളമുണ്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റ് 19നാണ് സിസ്റ്റർ ലൂസി കളപ്പുരയെ കാണാന്‍ മഠത്തില്‍ എത്തിയ  മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോ​ഗിച്ച് ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ സിസ്റ്ററെ അപകീർത്തിപ്പെടുത്തുംവിധം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചത്. ഇതിനെതിരെ പിറ്റേന്നുതന്നെ സിസ്റ്റർ ലൂസി കളപ്പുര ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഫാ. നോബിളിനെയും ദൃശ്യങ്ങള്‍ കൈമാറിയ മഠത്തിലെ മറ്റ് സിസ്റ്റർമാർക്കെതിരെയും പൊലീസ് അന്നുതന്നെ കേസെടുത്തു. പക്ഷേ ആഴ്ചകൾ പിന്നിട്ടിട്ടും ഒന്നാം പ്രതിയായ ഫാ. നോബിളിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെ തയാറായിട്ടില്ല. കേസന്വേഷണം പുരോഗമിക്കുകയാണെന്ന പതിവ് വിശദീകരണമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളമുണ്ട സിഐ നല്‍കുന്നത്.

കൂടുതല്‍ വായിക്കാം; അപകീർത്തിപ്പെടുത്തിയ കേസ്; പ്രതികൾക്കെതിരെ തെളിവുണ്ടായിട്ടും നീതി നിഷേധിക്കപ്പെടുന്നുവെന്ന് സിസ്റ്റർ ലൂസി

ഇതിനോടകം നാല് തവണ സിസ്റ്ററുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി കഴിഞ്ഞു. കേസ് ദുർബലപ്പെടുത്താനാണ് പൊലീസിന്‍റെ ശ്രമമെന്നും പൊലീസില്‍നിന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിനെതുടർന്നാണ് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി സന്യാസസഭ പുറത്താക്കിയത്. ഇതിനെതിരെ സിസ്റ്റർ നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസഭയുടെ പരിഗണനയിലാണ്.