ഒരു കിലോ ചക്കയ്ക്ക് 40 മുതല്‍ 50 രൂപാ വരെയാണ് വില. നാലോ അഞ്ചോ പഴുത്ത ചക്ക ചുളയോടുകൂടി മുറിച്ച് വെയ്ക്കുന്നതിന് 10 രൂപയാണ് വില ഈടാക്കുന്നത്
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ചക്കയുടെ ഗുണങ്ങളും മേന്മകളും തിരിച്ചറിഞ്ഞ് സംസ്ഥാന ഫലമായി പ്രഖ്യാപിച്ച് ഒരു വര്‍ഷം തികയുമ്പോഴേക്കും ചക്ക കിട്ടക്കനിയാകുന്നു. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സീസണുകളില്‍ കേരളത്തില്‍ വ്യാപകമായി കണ്ടിരുന്ന ഫലമാണ് ചക്ക.
ഓരോ സീസണിലും ടണ്‍ കണക്കിന് ചക്കയാണ് ഇതരസംസ്ഥാനങ്ങളിലേക്ക് വരെ ഇവിടെ നിന്ന് കയറ്റി അയച്ചിരുന്നത്. എന്നാല്‍, ഈ സീസണില്‍ വേണ്ടത്ര കായ്ഫലം എങ്ങും ഉണ്ടായില്ല. മുന്‍ കാലങ്ങളില്‍ പ്ലാവില്‍ കയറിയിടുവാനുള്ള ബുദ്ധിമുട്ടുകൊണ്ടും കയറാന്‍ ആളില്ലാത്തതുകൊണ്ടും പ്ലാവില്‍ നിന്ന് തന്നെ പഴുത്ത് താഴെ വീണ് ഉപയോഗമില്ലാതെ പോയിരുന്ന ഒരു കാലഘട്ടം ചക്കയ്ക്കുണ്ടായിരുന്നു.
എന്നാല്‍, കഴിഞ്ഞ മൂന്നാലു വര്‍ഷമായി ചക്കയുടെ പ്രധാന്യവും ഗുണങ്ങളും ജനങ്ങളില്‍ എത്തിക്കുവാന്‍ വിവിധ സംഘടനകള്‍ ചക്ക ഫെസ്റ്റ് തന്നെ നടത്തുകയും വിവിധങ്ങളായ ചക്ക വിഭവങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ എത്തിക്കുകയും ചെയ്തു. ഇതോടെ ചക്കയ്ക്ക് ഏറെ പ്രാധാന്യവും പ്രിയവും ഉണ്ടായി.
ചക്കയുടെ ഗുണങ്ങള്‍ അറിഞ്ഞ് സര്‍ക്കാര്‍ സംസ്ഥാന ഫലമായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും വലിയ ഒരു ചക്ക കഴിഞ്ഞ വര്‍ഷം വരെ നൂറ് രുപയ്ക്ക് ലഭിക്കുകമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ചക്കയുടെ വില പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഒരു കിലോ ചക്കയ്ക്ക് 40 മുതല്‍ 50 രൂപാ വരെയാണ് വില.
നാലോ അഞ്ചോ പഴുത്ത ചക്ക ചുളയോടുകൂടി മുറിച്ച് വെയ്ക്കുന്നതിന് 10 രൂപയാണ് വില ഈടാക്കുന്നത്. ഈ വര്‍ഷം ചക്ക പൊതുവെ കുറവായതിനാലും ചക്കയുടെ പ്രാധാന്യം മനസിലാക്കി ധാരളം ആവശ്യക്കാരുള്ളതിനാലുമാണ് ചക്കയുടെ വില വര്‍ദ്ധിക്കുവാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു.
