മലപ്പുറം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിവിധ ഘട്ടങ്ങളിലായി നിരോധനം ഏർപ്പെടുത്തിയ വ്യാജ വെളിച്ചെണ്ണയുടെ ഉത്പാദനവും വിതരണവും ജില്ലയിൽ കർശനമായി തടയുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ ജി ജയശ്രീ അറിയിച്ചു. നിരോധിത വെളിച്ചെണ്ണ മറ്റ് ബ്രാൻഡിലും ഇതര സംസ്ഥാനങ്ങളിലെ വെളിച്ചെണ്ണ കമ്പനികളുടെ പേരിലും മറ്റ് എണ്ണകളോടൊപ്പം ചേർത്തും വ്യാജചിത്രങ്ങൾ പതിപ്പിച്ചും വിൽക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവ കർശനമായി പരിശോധിക്കുന്നതിനും വെളിച്ചെണ്ണ ഉത്പാദക/വിതരണക്കാരുടെ വിവരം ശേഖരിക്കുന്നതിനുമായി ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പരിശോധനയിൽ നിരോധിത ബ്രാൻഡുകൾ കണ്ടെത്തുന്നപക്ഷം തുടർ നടപടി സ്വീകരിക്കുമെന്നും അസി. കമ്മീഷണർ അറിയിച്ചു. വെളിച്ചെണ്ണ ഉത്പാദകരും വിതരണക്കാരും ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. ബ്രാൻഡ് രജിസ്ട്രേഷന്റെയും ഭക്ഷ്യ സുരക്ഷാ ലൈസൻസിന്റെയും ശരിപകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കുകയും പരിശോധനകൾക്ക് വിധേയമാക്കുകയും വേണമെന്നും ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ നിർദേശിച്ചു.

സംസ്ഥാനത്തെ വെളിച്ചെണ്ണ ഉത്പാദകർ ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉപയോഗിച്ച് ഒരു ബ്രാൻഡ് നെയിമിലുള്ള വെളിച്ചെണ്ണ മാത്രമേ നിർമ്മിക്കാവൂ. സംസ്ഥാനത്തിന് പുറത്ത് ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണ സംസ്ഥാനത്തിനുളളിൽ വിതരണം ചെയ്യുന്നവർ ജില്ലാ അധികാരിയുടെ മുൻപാകെ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ മുൻകൂർ അനുമതി വാങ്ങണം. അത്തരം സ്ഥാപനങ്ങളുടെ ഒരു ബ്രാൻഡു മാത്രമേ സംസ്ഥാനത്തിനുളളിൽ വിതരണം ചെയ്യാൻ അനുവദിക്കുകയുളളൂ.

2020 മാർച്ച് അഞ്ചിന് മുൻപ് ജില്ലയിൽ ഉത്പാദനം/വിതരണം നടത്തുന്ന വെളിച്ചെണ്ണയുടെ ബ്രാൻഡ് നെയിം ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ മുമ്പാകെ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ചെയ്യാനായി വരുന്നവർ എഫ്.എസ്.എസ്.എ.ഐ ലൈസൻസ്/രജിസ്ട്രേഷൻ ശരിപകർപ്പ്, ബ്രാൻഡ് നെയിം തെളിയിക്കുന്നതിനുളള രേഖ, പഞ്ചായത്ത്/മുൻസിപ്പാലിറ്റി ലൈസൻസ് എന്നിവ ഹാജരാക്കണം.

2020 മാർച്ച് 15ന് ശേഷം രജിസ്റ്റർ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാൻഡുകൾ നിർമ്മിക്കുകയോ, വിൽക്കുകയോ, സൂക്ഷിക്കുകയോ, വിതരണം ചെയ്യുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കും. 142 വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകളാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇതുവരെ നിരോധിച്ചിട്ടുള്ളത്. നിരോധിത ഉത്പന്നങ്ങളുടെയും അംഗീകൃത ഉത്പന്നങ്ങളുടെയും വിവരങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വൈബ്സൈറ്റിൽ ലഭിക്കും.