'പാചകം മുതൽ കീഴ്ശാന്തി വരെ ബ്രാഹ്മണർ മാത്രം'; ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്
വിജ്ഞാപനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി.

തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വത്തിലെ ടെമ്പിള്‍ കുക്ക്, കൂടല്‍ മാണിക്യം ദേവസ്വത്തിലെ കീഴ്ശാന്തി തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി.
ഗുരുവായൂര്‍ ദേവസ്വത്തിലെ ടെമ്പിള്‍ കുക്ക്, കൂടല്‍ മാണിക്യം ദേവസ്വത്തിലെ കീഴ്ശാന്തി എന്നിവര്‍ ബ്രഹ്മണ സമുദായക്കാരായിരിക്കണം എന്ന യോഗ്യത ഈ ദേവസ്വങ്ങളിലെ സ്‌പെഷ്യല്‍ റൂളുകള്‍ പ്രകാരം യഥാക്രമം 1983ലും 2003ലും അതാതു ദേവസ്വങ്ങളുടെ തീരുമാനപ്രകാരം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു നിശ്ചയിച്ചിട്ടുള്ളതാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള അപേക്ഷകരുടെ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 08.01.2019ലെ കേരള ഗസറ്റില്‍ പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 21.05.2022 ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള സ്‌പെഷ്യല്‍ റൂള്‍ പ്രകാരമാണെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി പറഞ്ഞു.
നിയമപ്രകാരം നിഷ്‌കര്‍ഷിക്കപ്പെട്ട യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് മത്സരാടിസ്ഥാനത്തിലുള്ള പരീക്ഷകള്‍ നടത്തി നിയമപ്രകാരം സെലക്ട് ലിസ്റ്റ് തയ്യാറാക്കാന്‍ മാത്രമേ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് അധികാരമുള്ളൂ. ഉദ്യോഗാര്‍ഥികളുടെ യോഗ്യതാ മാനദണ്ഡം പരിമിതപ്പെടുത്തി നിശ്ചയിച്ചത് കെ.ഡി.ആര്‍.ബി ആണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ശ്രീനാരായണ ദര്‍ശന വേദി അടക്കമുള്ളവര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. നിയമനങ്ങളില്‍ ജാതി വിവേചനം നില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മാനദണ്ഡങ്ങളെന്നും നോട്ടിഫിക്കേഷന്‍ പിന്‍വലിച്ച് എല്ലാ സമുദായത്തില്‍ പെട്ടവര്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
റഫറി വരെ പഞ്ചറായ ആ ഇടിക്ക് സാക്ഷാല്‍ മൈക്ക് ടൈസൻ എത്തിയ കാർ ലേലത്തിന്