കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യമായി മാവോയിസ്റ്റുകളും പോലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് കുഞ്ഞോം വനത്തിനുള്ളിലെ ചപ്പ ഗ്രാമത്തില്‍ വെച്ചായിരുന്നു. വെടിവെപ്പിനെത്തുടര്‍ന്ന് ഈ ഗ്രാമത്തോട് ഭരണകൂടം കാണിക്കുന്ന അവഗണനയെ കുറിച്ച് പുറംലോകമറിഞ്ഞു. മറ്റിടങ്ങളിലെ പോലെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തില്‍ മാവോവാദികള്‍ തമ്പടിക്കാന്‍ കാരണം വികസനമില്ലായ്മയാണെന്ന് വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നു.

 ഇതിന് പിന്നാലെയാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഈ തുകയെല്ലാം ജില്ലാ ഉദ്യോഗസ്ഥരുടെ കൃത്യതയില്ലായ്മ നിമിത്തം നഷ്ടപ്പെട്ടെന്നാണ് പരാതി.  പഴയ അവസ്ഥയില്‍ നിന്ന് അധികമൊന്നും മാറാതെ ദുരിതം പേറുകയാണ് ചപ്പ ഗ്രാമം. കോളനിക്കാര്‍ക്ക് പുറം ലോകത്തേക്ക് എത്താനുള്ള റോഡാണ് കല്ലിങ്കല്‍  കാട്ടിയേരി  ചപ്പയില്‍ കോളനി റോഡ്. ഈ പാത പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളാണ് ഈ റോഡിനെ കൂടുതലും ആശ്രയിക്കുന്നത്. കാല്‍നടപോലും ദുഷ്‌കരമായതോടെ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോ വിളിച്ചാല്‍ പോലും ലഭിക്കാറില്ലെന്ന് കോളനിവാസികള്‍ പറയുന്നു.

ഗ്രാമത്തിന് തൊട്ടടുത്ത ടൗണുകളായ നിരവില്‍പ്പുഴയില്‍ നിന്നോ, കുഞ്ഞോത്ത് നിന്നോ വാഹനം വിളിച്ചാല്‍ പോലും വരാന്‍ മടിക്കുകയാണ് ഡ്രൈവര്‍മാര്‍. മാവോയിസ്റ്റും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായിതിനെ തുടര്‍ന്ന് കോളനിയുടെ ഇല്ലായ്മകള്‍ പരിഹരിക്കണമെന്ന് ഇവിടെ എത്തിയ അന്നത്തെ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശംനല്‍കി. മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി ഇടപെട്ട്  അഞ്ചുകോടി രൂപ വികസനപ്രവൃത്തികള്‍ക്കായി വകയിരുത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തത്തിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതികളുടെ നടത്തിപ്പ്.

 ഈ തുക പൂര്‍ണമായും ഇവിടെ വിനിയോഗിച്ചില്ലെന്നും എടുത്ത പണികളില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായും ആക്ഷേപം ഉയര്‍ന്നു. അഞ്ച് കോടി രൂപ അനുവദിച്ചിട്ടും നാല് കിലോമീറ്റര്‍ദൂരം വരുന്ന ഈ റോഡ് പോലും ഗതാഗതയോഗ്യമാക്കാതെ ഈ പ്രദേശത്തോട് തികഞ്ഞ അവഗണനയാണ് അധികൃതര്‍ കാണിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ ഈ പ്രദേശം ആഴ്ചകളോളം ഒറ്റപ്പെട്ടുകിടന്നിരുന്നു. ഫണ്ട് വിനിയോഗത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് കേസെടുത്തിരുന്നു.