ഇടുക്കി: മൂന്നാര്‍- ബോഡിമെട്ടിലെ ലോക്കാടിന് സമീപത്തുണ്ടായ മണ്ണിടിച്ചലിന് കാരണം ദേശീയപാത അധിക്യതരുടെ അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ മൂലമാണെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജിന്‍റെ റിപ്പോര്‍ട്ട്. ഗ്യാപ്പ് റോഡിലെ നിര്‍മ്മാണങ്ങള്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരെ നിയോഗിക്കണമെന്നും സബ് കളക്ടര്‍ ആവശ്യപ്പെട്ടു. അതേസമയം സബ് കളക്ടറും ഉദ്യോഗസ്ഥരും ആശയക്കുഴപ്പം സ്യഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിന് ആളുകള്‍ യാത്രചെയ്യുന്ന മൂന്നാര്‍-ബോഡിമെട്ടിലുണ്ടായ മണ്ണിടിച്ചല്‍ മേഖലയില്‍ അശാസ്ത്രീയമായി പാറ പൊട്ടിച്ചതും മണ്ണുമാറ്റിയതും മൂലമാണെന്നാണ് സബ് കളക്ടര്‍ രേണുരാജ് റിപ്പോര്‍ട്ട് നല്‍കിയത്. ഒരേ സമയം പാറപൊട്ടിക്കുന്നതിനായി നിരവധി സ്ഫോടനങ്ങള്‍ നടത്തിയത് മണ്ണിടിച്ചലിന് കാരണമായി. റോഡിന് അനുബന്ധമായ പാറപൊട്ടിക്കലല്ല നിലവില്‍ നടന്നിരിക്കുന്നത്. അളവില്‍ കൂടുതല്‍ പാറയും മണ്ണും മാറ്റിയതായി പ്രഥമദ്യഷ്ടയില്‍ കാണുന്നു. ആയതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ദേവികുളം സബ് കളക്ടര്‍ രേണുരാജ് റവന്യു പ്രിന്‍സിപ്പിള്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉടുമ്പുംചോല തഹസില്‍ദാറിന്‍റെ റിപ്പോര്‍ട്ട് അതേപടിയാണ് സബ് കളക്ടര്‍ സര്‍ക്കാരിന് കൈമാറിയതെന്നും പ്രക്യതിക്ഷോഭങ്ങള്‍മൂലം ഇത്തരം മണ്ണിടിച്ചല്‍ സ്വാഭാവികമാണെന്നും ഉദ്യോഗസ്ഥരും സബ് കളക്ടറും ആശയക്കുഴപ്പങ്ങള്‍ സ്യഷ്ടിച്ച് പണികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമുളള ആരോപണവുമായാണ് എംഎല്‍എ രാജേന്ദ്രന്‍ രംഗത്തുവന്നത്. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച റോഡിന്‍റെ നവീകരണമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പുതിയ റോഡ് നിര്‍മ്മിക്കലല്ല. 381 കോടിരൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന റോഡിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. ഗ്യാപ്പ് റോഡ് വീതികൂട്ടുന്നതോടെ സന്ദര്‍ശകരുടെ തിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കും. വിനോദസഞ്ചാരമേഖലയ്ക്ക് ദേശീപാത വികസനം അനിവാര്യമാണ്. ദ്യശ്യമാധ്യമങ്ങളില്‍ പേരുവരുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.