ഇടുക്കി: വിവാദത്തിലുള്ള പള്ളിവാസലിലെ കെട്ടിടത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കി ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഉത്തരവിറക്കി. കെട്ടിടം പ്രവര്‍ത്തിക്കുന്നത് കോടതി വിധിയെ മറികടന്നാണെന്ന് കണ്ടെത്തിയതോടെയാണ് പ്രവര്‍ത്തനാനുമതി റദ്ദാക്കിയിട്ടുള്ളത്. കെട്ടിട നിര്‍മ്മാണത്തിന് എന്‍ ഒ സി വേണമെന്നിരിക്കെ ആവശ്യമായ രേഖകള്‍ ഇല്ലാതെ തന്നെ പഞ്ചായത്ത് കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതോടെ 2016- ല്‍ റവന്യൂ വകുപ്പ് കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.

റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയതോടെ കെട്ടിടം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പ്രവര്‍ത്തനം വിവാദമായതോടെ പഞ്ചായത്ത് ഡയറക്ടര്‍ കോടതി വിധി മാനിച്ച് കെട്ടിടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ നിര്‍ദ്ദേശം അവഗണിച്ച് പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തിരുന്നില്ല. കെട്ടിടത്തിന്റെ രേഖകളുടെ ആധികാരികതെയക്കുറിച്ച് സംശയമുണര്‍ന്നതോടെ റവന്യൂ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യമായ രേഖകള്‍ ഹാജരാക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കുവാന്‍ സാധിക്കാതെ വന്നതോടെയാണ് കെട്ടിടത്തിന്റെ എല്ലാ രേഖകളും റദ്ദ് ചെയ്ത് ഉത്തരവിറക്കിയിട്ടുള്ളത്.