ഇടുക്കി: മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിര്‍മ്മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണ. സര്‍ക്കാരിന്റെ അനുമതിവാങ്ങി നിര്‍മ്മാണം നടത്തുന്ന പല കെട്ടിടങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ നിരവധി കെട്ടിടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. റവന്യുവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് സബ് കളക്ടറുടെ മുന്നറിയിപ്പ്.

തഹസില്‍ദ്ദാരുടെ റിപ്പോട്ട് ലഭിക്കുന്ന മുറയ്ക്ക് ഇത്തരം കെട്ടിടങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കും. മൂന്നാറിലെ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. പോസ്‌റ്റോഫീസ് കവലയിലെ പാർക്കിം​ഗ് ഗ്രൗണ്ടിനെ പ്രൈവറ്റ് ബസ് സ്റ്റാന്റാക്കി മാറ്റും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴയ മൂന്നാറിലടക്കം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിടങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. ജില്ലാ കളക്ടറില്‍ നിന്ന് നിയമോപദേശം നേടിയശേഷമാകും കെട്ടിടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. 

ടൗണിലെ പൊലീസിന്റെ ഡിവൈഡറുകള്‍ മാറ്റിയശേഷം ഉയരം കുറച്ച് പിഡബ്ല്യൂഡിയുടെ നേതൃത്വത്തിൽ മറ്റൊന്ന് സ്ഥാപിക്കും. മൂന്നാറിലെ പ്രശ്‌നങ്ങള്‍ പഠിച്ചുവരുകയാണെന്നും പ്രേംകൃഷ്ണ പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് ഉപകാരപ്രധമായ രീതിയില്‍ മൂന്നാറിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഘട്ടംഘട്ടമായി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.