കാര്‍ഷികാവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുമുള്ള ഭൂമിയില്‍ വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് സബ് കളക്ടര്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. 

ഇടുക്കി: ഇടുക്കിയിൽ അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന് ദേവികുളം സബ് കളക്ടര്‍.
2018 നു ശേഷം മൂന്നാറിലെ നിര്‍മ്മാണങ്ങള്‍ക്ക് നല്‍കിയ എന്‍.ഒ.സികളുടെ മറവില്‍ അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍. കാര്‍ഷികാവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുമുള്ള ഭൂമിയില്‍ വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് സബ് കളക്ടര്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. 

കൂടാതെ 2018 നു ശേഷം നല്‍കിയ എല്ലാ എന്‍.ഒ.സി യും റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇപ്രകാരം നല്‍കിയ എന്‍.ഒ.സി കളുടെയും ചട്ടലംഘനം നടത്തിയവരുടെയും ലിസ്റ്റ് തയ്യാറാക്കുവാനുള്ള ചുമതല തഹസില്‍ദാറിന് നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തി ഇളവുകള്‍ ദുരുപയോഗം ചെയ്യുപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. തോട്ടം മേഖലയും കാര്‍ഷികമേഖലയും ഉള്‍പ്പെടുന്ന എട്ടു വില്ലേജുകളിലാണ് കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ നിലവിലുള്ളത്. ഇതില്‍ മൂന്നാര്‍ ഉള്‍പ്പെടുന്ന മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ ഇക്കാലയളവില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

മൂന്നാറിലെ ജനവാസ മേഖലകളായ എം.ജി. കോളനി പോലുള്ള മേഖലകളിലും അനധികൃതമായി കെട്ടിടങ്ങള്‍ പണിയുന്നതായി റവന്യൂ വകുപ്പിന് വിവരം ലഭിക്കുകയും ആ കെട്ടിടങ്ങള്‍ക്കെതിരെ നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നു. 2010 മുതല്‍ മേഖലയില്‍ നിലനില്‍ക്കുന്ന കെട്ടിട നിര്‍മ്മാണങ്ങളിലെ നിയന്ത്രണം മൂലം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുപോലും കെട്ടിടം പണിയാനാവാത്ത അവസ്ഥയുണ്ടായിരുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് എട്ടു വില്ലേജുകളിലും നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചത്. 

ജില്ലാ കളക്ടര്‍ നല്‍കിയിരുന്ന എന്‍.ഒ.സി കാലതാമസം ഒവിവാക്കുന്നതിനായി തഹസില്‍ദാര്‍ക്ക് നല്‍കാനുള്ള അധികാരം നല്‍കിയിരുന്നു. ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നറിഞ്ഞതോടെ 2020 ല്‍ ഈ അധികാരം അവരില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഈ കാലയളവില്‍ പണിത കെട്ടിടങ്ങളാണ് ചട്ടലംഘനം നടത്തി നിര്‍മ്മാണം ചെയ്തവയാണെന്ന് തെളിഞ്ഞിട്ടുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona