ഇടുക്കി: അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് കൊണ്ട് സബ്കളക്ടര്‍ കസേര ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുന്നു. ദേവികുളത്ത് കൈയ്യേറ്റങ്ങള്‍ക്കും അനധിക്യത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിച്ച നാല് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെയടക്കം ചീത്തവിളി കേള്‍ക്കേണ്ടിവന്നു. നിരന്തരം രാഷ്ട്രീയസമ്മര്‍ദ്ദത്തിനടിമപ്പെട്ടും അധിക്ഷേപത്തിനും ഇരയാവുകയാണ് ദേവികുളത്തെ സബ് കളക്ടര്‍മാര്‍. 

കഴിഞ്ഞ ദിവസം  എഎല്‍എയുടെ പരസ്യ അധിക്ഷേപത്തിനിരയായ ദേവികുളം സബ് കളക്ടര്‍  റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കിതോടെ ദേവികുളം സബ് കളക്ടര്‍മാരും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള പോര് മുറുകുകയാണ്. മുഖം നോക്കാതെ നടപടിയുക്കുന്നതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുടെയും നേതാക്കളുടെയും കണ്ണിലെ കരടാവുന്നത്. 2015 മുതലാണ് ദേവികുളത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള പോര്  തുടങ്ങുന്നത്. 

ആര്‍ഡിഒയുടെ ചുമതലയുണ്ടായിരുന്ന സബിന്‍ സമീദാണ് ആദ്യം രാഷ്ട്രീയക്കാര്‍ക്ക് കണ്ണിലെ കരടായത്. കക്കൂസ് മാലിന്യം സ്‌കൂള്‍ പരിസരത്തേയ്ക്ക് ഒഴിക്കിയതിന്റെ പേരില്‍ അഞ്ച് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചതും പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ 52 റിസോര്‍ട്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെയുമാണ് ഉദ്യോഗസ്ഥനെതിരെ രാഷ്ട്രീയക്കാര്‍ തിരിയാന്‍ കാരണം. 

രാഷ്ട്രീയ സമ്മര്‍ദ്ദത്തിനടിമപ്പെടാതെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയില്‍ ഉദ്യോഗസ്ഥനെ മാറ്റുവാനുള്ള നീക്കം സിപിഎമ്മുകാര്‍ ശക്തമാക്കി. ഇതിനിയില്‍ മാട്ടുപ്പെട്ടി റോഡിലെ അനധിക്യത ഇരുനില കെട്ടിടം അദ്ദേഹം പൊളിച്ചുനീക്കി. ഇതോടെ സബിന്‍ സമീദിനെ മൂന്നാറില്‍ നിന്നും സ്ഥലം മാറ്റി. പകരക്കാരനായി എത്തിയ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍  അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെയും പ്രകൃതി നശിപ്പിച്ച് നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ റിസോര്‍ട്ട് മാഫിയയുടെ നോട്ടപ്പുള്ളിയാവുകയും അദ്ദേഹത്തെ വെല്ലുവിളിച്ച് ഭരണകക്ഷിയിലെ മന്ത്രിയടക്കം രംഗത്തെത്തുകയും ചെയ്തു. 

തലയ്ക്ക് സ്ഥിരതയില്ലാത്തവനാണ് ശ്രീറാമെന്നും അവനൊക്കെ ആരാണ് ഐഎഎസ് നല്‍കിയതെന്നും എംഎല്‍എ പത്രസമ്മേളനത്തില്‍ അവഹേളിച്ചു. സബ് കളക്ടര്‍ പങ്കെടുക്കുന്ന പരുപാടികളില്‍ നിന്നും അദ്ദേഹം മാറിനില്‍ക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് തന്നെ തലവേദനയായി മാറിയ ഉദ്യോഗസ്ഥ- രാഷ്ട്രീയ പോരിനൊടുവില്‍  എംപ്ലോയ്മെന്റ് ഡയറക്ടറാക്കി സ്ഥാനമാറ്റം നല്‍കി ദേവികുളത്തു നിന്നും പിഴുതെറിഞ്ഞു. 

നടപടികള്‍ കടലാസിലൂടെ സ്വീകരിച്ച വിആര്‍ പ്രേംകുമാറാണ് പിന്‍ഗാമിയായി പിന്നെ എത്തിയത്. ഇദ്ദേഹത്തിന് ശക്തമായ നടപടികളുമായി മുമ്പോട്ട് പോകാന്‍ ഏറെ നാള്‍ കഴിഞ്ഞില്ല. കോപ്പിയടിച്ച് പരീക്ഷ പാസായാണ് വി ആര്‍ പ്രേംകുമാര്‍ കളക്ടറായതെന്ന സിപിഎം മന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദള്‍ക്ക് കാരണമായി. ഇദ്ദേഹത്തെ ശബരിമലിയിലേക്ക് സ്ഥലം മാറ്റിയതോടെയാണ് വനിതയായ രേണുരാജ് ചുമതല ഏല്‍ക്കുന്നത്. മൂന്നാറിലെ ഭൂമി വിഷയങ്ങളില്‍ അനുകൂല നടപടികള്‍ സ്വീകരിച്ച സബ്കളക്ടറാണ് രേണുരാജ്. എന്നാല്‍ പുഴയോരം കൈയ്യേറിയതോടെയാണ് രേണുരാജ് ശക്തമായ നടപടികള്‍ സ്വീകരിച്ചത്. പ്രളയത്തില്‍ വെള്ളം കേറിയ പുഴയോരത്ത് പഞ്ചായത്ത് എന്‍ഒസിയില്ലാതെ മൂന്നുനില കെട്ടിടം നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഇതോടെ ഇവരുടെ നിലനില്‍പ്പും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.