പിരിച്ച പണത്തില്‍ നിന്ന് വന്‍തുക ചിലവഴിച്ച് പല ബസുടമകളും ഡീസലടിച്ചതായും തൊഴിലാളികള്‍ ആരോപിച്ചു. 8000 രൂപ പിരിച്ചെടുത്ത ബസുകള്‍ പോലും 5000 രൂപയ്ക്ക് ഡീസലടിച്ചതായി ഇവര്‍ പറയുന്നു. 

കല്‍പ്പറ്റ: ദുരിതാശ്വാസ നിധിയിലേക്കായി പിരിച്ച പണം സംസ്ഥാന കമ്മിറ്റി വഴി സര്‍ക്കാരിന് നല്‍കാനുള്ള സ്വകാര്യ ബസ് ഉടമകളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. കഴിഞ്ഞ ദിവസമാണ് ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാനായി ടിക്കറ്റില്ലാതെ ബസുകളില്‍ ബക്കറ്റ് പിരിവ് നടത്തിയത്. 

ഇതുവഴി വന്‍തുക ജില്ലയില്‍ സമാഹരിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്കില്‍ മാത്രം 5,85,000 രൂപ ഇത്തരത്തില്‍ പിരിച്ചെടുത്തതായി തൊഴിലാളികള്‍ പറഞ്ഞു. പണം സ്വരൂപിച്ച ദിവസം തൊഴിലാളികള്‍ ആരും കൂലി വാങ്ങിയിരുന്നില്ല. ഈ തുക തൊഴിലാളി വിഹിതമായി കാണിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നായിരുന്നു സംയുക്ത തൊഴിലാളി യൂണിയന്‍റെ ആവശ്യം. എന്നാല്‍ ഈ തുകയും ബസ് മുതലാളിമാരുടെ വിഹിതമാക്കിയെന്ന് തൊഴിലാളികള്‍ ആരോപിച്ചു. 

മാത്രമല്ല പണം ജില്ലാ കലക്ടര്‍ക്ക് നല്‍കാനായിരുന്നു ആദ്യമെടുത്ത തീരുമാനം. ഇത് ലംഘിച്ച് സംസ്ഥാന കമ്മിറ്റിക്ക് പണം നല്‍കുന്നത് ദുരൂഹമാണെന്നും തൊഴിലാളികള്‍ ആരോപിച്ചു. മാനന്തവാടി താലൂക്കില്‍ ഓടുന്ന ബസുകളിലെ തൊഴിലാളി വിഹിതം മാത്രം 80,000 ലധികം രൂപവരും. ഇത് ജില്ലാ കലക്ടര്‍ മുഖാന്തിരം സര്‍ക്കാരിന് കൈമാറണമെന്ന് തൊഴിലാളികള്‍ മുതലാളിമാരോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. 

അതേ സമയം പിരിച്ച പണത്തില്‍ നിന്ന് വന്‍തുക ചിലവഴിച്ച് പല ബസുടമകളും ഡീസലടിച്ചതായും തൊഴിലാളികള്‍ ആരോപിച്ചു. 8000 രൂപ പിരിച്ചെടുത്ത ബസുകള്‍ പോലും 5000 രൂപയ്ക്ക് ഡീസലടിച്ചതായി ഇവര്‍ പറയുന്നു. എട്ടായിരം രൂപ ഡീസലിന് ചിലവഴിച്ച ബസുടമകളും ഉണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി വഴി പണം നല്‍കുന്ന പക്ഷം മുഴുവന്‍ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തില്ലെന്ന ആശങ്കയും തൊഴിലാളികള്‍ പങ്കുവെച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം തുടരാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം. മാനന്തവാടി സി.ഐയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് ആറ് മണിക്ക് സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.