ചേർത്തല: കരൾ രോഗിയായ ഭർത്താവടക്കം വീട്ടിലെ നാല് പേരുടെ അരവയർ നിറയാൻ ദേശീയ പാതയ്ക്കരികിൽ ബിരിയാണി വില്‍പനയുമായി ഭിന്നശേഷിക്കാരിയായ വീട്ടമ്മ. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് 14-ാം വാർഡിൽ അറയ്ക്കൽ വീട്ടിൽ മറിയാമ്മ (44) യാണ് രോഗിയായ ഭർത്താവിനും രണ്ട് മക്കൾക്കും വേണ്ടി ബിരിയാണി വിൽക്കാനിറങ്ങുന്നത്. ചേർത്തലക്കടുത്ത് തങ്കിക്കവലയിലെ തണൽമരത്തിലാണ് മറിയാമ്മയുടെ ബിരിയാണിക്കട. പതിനൊന്നു മണിയോടെ തുരുമ്പിച്ച വീൽ ചെയറിൽ ഓട്ടോയിൽ ബിരിയാണിയുമായി തങ്കക്കലയിലെ വലിയ മരത്തണലിൽ വിൽപ്പന തുടങ്ങും. വെറും 80 രൂപക്കാണ് നല്ല രുചിയുള്ള ബിരിയാണി വില്‍പന. 

പുലര്‍ച്ചെ നാലുമുതലുള്ള പ്രയത്നത്തിന് ശേഷമാണ് മറിയാമ്മ വില്‍പനയ്ക്കും എത്തുന്നത്. കരൾ രോഗബാധിതനായ ഭർത്താവ് ജോഷിയും രണ്ട് മക്കളും മറിയാമ്മയും ചേര്‍ന്നാണ് ബിരിയാണി പാകം ചെയ്യുന്നത്. രണ്ടായിരം രൂപയോളം ചെലവ് വരും ബിരിയാണി ഉണ്ടാക്കുവാൻ മുഴുവനും വിറ്റുപോയാൽ 3500 രൂപയോളം കിട്ടുമെന്ന് മറിയാമ്മ പറയുന്നു. ചില ദിവസങ്ങളില്‍ രാത്രി എട്ട് മണി വരെ ഇരുന്നാൽ പ്പോലും മുഴുവനും വിറ്റുപോകില്ലെന്നും നിറകണ്ണുകളോടെ മറിയാമ്മ പറയുന്നു.

ഭർത്താവിന് നല്ല ചികിത്സയും തുരുമ്പെടുത്ത വീൽച്ചെയർ മാറ്റണമെന്നുമാണ് കച്ചവടം പച്ചപിടിച്ചാല്‍ ചെയ്യാനുള്ളതെന്ന് മറിയാമ്മ പറയുന്നു. പോളിയോ ബാധിച്ച്  കാലുകളില്ലെങ്കിലും ജീവിതത്തിൽ തോറ്റുകൊടുക്കാൻ മറിയാമ്മ തയ്യാറല്ല. മുപ്പത് വർഷം മുൻപ് എറണാകുളത്ത് ഗാർഡനിസ്റ്റായി ജോലി നോക്കുമ്പോഴാണ് ജോഷി മറിയാമ്മയെ വിവാഹം ചെയ്യുന്നത്.  കുറച്ചുനാൾ അർത്തുങ്കൽ കടപ്പുറത്ത് ബജിക്കച്ചവടം നടത്തിയെങ്കിലും സാമ്പത്തികമായി മെച്ചമില്ലാതിരുന്നതിനാലാണ് ബിരിയാണി ഉണ്ടാക്കി വിൽപന നടത്താം എന്നു തീരുമാനിച്ചത്. 

തങ്കിക്കവലയിലേക്കും തിരിച്ചുമുള്ള യാത്ര ഓട്ടോയിലാണ്. വരുമാനത്തിന്റെ നല്ല പങ്കും ഓട്ടോക്കൂലിയായി നൽകണം. സ്വന്തമായി ഒരു ഇലക്ട്രോണിക് വീൽചെയറുണ്ടെങ്കിൽ അതും മിച്ചം പിടിക്കാം. പക്ഷെ തന്റെ തുച്ഛവരുമാനത്തിൽ നിന്ന് ഭർത്താവിന്റെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസ ചെലവുമെല്ലാം കഴിഞ്ഞ് അതൊരു സ്വപ്നം മാത്രമാണെന്നാണ് മറിയാമ്മയുടെ ദുഖം. ഒരു ലക്ഷത്തി എൺപതിനായിരം രൂപാ വേണം ഒരു ഇലക്ട്രോണിക് വീൽ ചെയറിനെന്നാണ് മറിയാമ്മ പറയുന്നത്. ഭക്ഷണപ്രേമികളെ ബിരിയാണിയുടെ രുചി നിരാശപ്പെടുത്തില്ലെന്ന് മറിയാമ്മയുടെ ഉറപ്പ്. 


അക്കൗണ്ട് നമ്പര്‍: 16270100080291, 
ഐ എഫ് എസ് സി കോഡ് : FDRL0001627. 
ഫെഡറല്‍ ബാങ്ക് 
തുറവൂര്‍ ബ്രാഞ്ച്.