Asianet News MalayalamAsianet News Malayalam

സിനിമാക്കഥ പോലെ നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം; ഞെട്ടി പൊലീസും നാട്ടുകാരും, 'കോള്‍ഡ് കേസ്' മോഡല്‍ അന്വേഷണം

വ‍ർഷങ്ങൾക്ക് മുമ്പ് കാണാതായവരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അടുത്തുള്ള ആറിലൂടെ അസ്ഥികൂടം ഒഴുകി വന്നതാണോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്

digging pond human skull and bones found investigation
Author
Kottayam, First Published Aug 19, 2021, 7:13 AM IST

കോട്ടയം: വൈക്കത്ത് സിനിമാ കഥയിലെന്നപോലെ നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. അസ്ഥിയുടെ കൂടുതൽ ഭാഗങ്ങളാണ് വിശദമായ പരിശോധനയിൽ കണ്ടെത്തിയത്. വ‍ർഷങ്ങൾക്ക് മുമ്പ് കാണാതായവരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അടുത്തുള്ള ആറിലൂടെ അസ്ഥികൂടം ഒഴുകി വന്നതാണോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.

വൈക്കം ചെമ്മനത്തുകരയിൽ മത്സ്യക്കുളത്തിനായി കുഴിച്ച സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്ന് കൂടുതൽ അസ്ഥി കഷണങ്ങൾ കണ്ടെത്തുകയായിരുന്നു. അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മരിച്ചയാളുടെ ലിംഗ നിർണയം, മൃതദേഹത്തിന്‍റെ കാലപ്പഴക്കം, മരിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് നീക്കം.

അസ്ഥിക്കൂടത്തിന്‍റെ പഴക്കം നിർണയിച്ച് കഴിഞ്ഞാൽ ആ കാലയളവിൽ കാണാതായവരുടെ പട്ടിക തയ്യാറാക്കി കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. വൈക്കം ഡിവൈഎസ്പി എ ജെ തോംസണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വ‍ർഷങ്ങളായി പുല്ലും പായലും നിറഞ്ഞ് കിടന്ന സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തിൽ വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി  വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും ഉയരുന്നുണ്ട്. എല്ലാ സംശയങ്ങളും ഇഴകീറി  പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

Follow Us:
Download App:
  • android
  • ios