Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാരിയെ മര്‍ദ്ദിച്ച സംഭവം; ചെങ്ങന്നൂര്‍ ഫെസ്റ്റ് ചെയര്‍മാനെതിരെ കേസെടുത്തു

പിന്നീട്  ബങ്ക് കൊണ്ടുപോകാന്‍ ഓമന എത്തിയപ്പോള്‍  ബങ്ക് അവിടെയുണ്ടായിരുന്നില്ല. വൈഎംസിഎ ഭാരവാഹികളോട് അന്വേഷിച്ചപ്പോള്‍ ബങ്ക് പി എം തോമസ് മറ്റാര്‍ക്കോ വിറ്റുവെന്നാണ് അറിഞ്ഞത്. ഈ  വിവരം തോമസിനോട് അന്വേഷിച്ചപ്പോള്‍ തനിക്ക് മറ്റൊരു ബങ്ക് നല്‍കാമെന്ന് പറഞ്ഞതായി ഓമന പരാതിയില്‍ പറയുന്നു.

disabled women attacked case against chengannur fest chairman
Author
Chengannur, First Published May 22, 2019, 10:35 PM IST

ചെങ്ങന്നൂര്‍: ഭിന്നശേഷിക്കാരിയായ വെണ്മണി കരോട് മുകളയ്യത്ത് കിഴക്കേതില്‍ വീട്ടില്‍ ഓമന (41) യെ മര്‍ദ്ദിച്ച സംഭവത്തില്‍ ചെങ്ങന്നൂര്‍ ഫെസ്റ്റ് ചെയര്‍മാന്‍  കൊഴുവല്ലൂര്‍ പാറച്ചന്ത പുളിമൂട്ടില്‍ പി എം തോമസിനെതിരെ (70) ചെങ്ങന്നൂര്‍ പൊലീസ് കേസ്സെടുത്തു. കഴിഞ്ഞ മാര്‍ച്ച് ആദ്യ ആഴ്ച്ചയാണ് സംഭവമുണ്ടായതെന്ന് ഓമന പരാതിയില്‍ പറയുന്നു. 

ചെങ്ങന്നൂര്‍ ഫെസ്റ്റിന്‍റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനത്തിന്‍റെ ഭാഗമായി അനുവദിക്കുന്ന ബങ്കിന് വേണ്ടി രോഗിയും അവിവാഹിതയുമായ ഓമന ഫെസ്റ്റ് കമ്മറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്മറ്റി ബങ്ക് അനുവദിക്കുകയും ചടങ്ങില്‍ താക്കോല്‍ ഓമനയ്ക്ക് കൈമാറുകയും ചെയ്തു. 

എന്നാല്‍ ഇതിനിടെ ഓമനയ്ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം ബങ്ക്  കൊഴുവല്ലൂരിലേക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഇത് മൂലം ചെങ്ങന്നൂര്‍ വൈഎംസിഎ പരിസരത്ത് പൂട്ടി സൂക്ഷിക്കുകയായിരുന്നു. ചികിത്സക്കായി ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ ഓമന എത്തുമ്പോഴൊക്കെ വൈഎംസിഎയിലെത്തി ബങ്ക് സൂക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയിരുന്നു.

പിന്നീട്  ബങ്ക് കൊണ്ടുപോകാന്‍ ഓമന എത്തിയപ്പോള്‍  ബങ്ക് അവിടെയുണ്ടായിരുന്നില്ല. വൈഎംസിഎ ഭാരവാഹികളോട് അന്വേഷിച്ചപ്പോള്‍ ബങ്ക് പി എം തോമസ് മറ്റാര്‍ക്കോ വിറ്റുവെന്നാണ് അറിഞ്ഞത്. ഈ  വിവരം തോമസിനോട് അന്വേഷിച്ചപ്പോള്‍ തനിക്ക് മറ്റൊരു ബങ്ക് നല്‍കാമെന്ന് പറഞ്ഞതായി ഓമന പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ബന്ധുക്കളെ ഉള്‍പ്പെടെ കൂട്ടി പല തവണ തോമസിനെ കണ്ടുവെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ പ്രതിഷേധിച്ച് വൈഎംസിഎയ്ക്ക് മുന്നില്‍ കുത്തിയിരുന്ന ഓമനയെ തോമസ് അസഭ്യം പറയുകയും വസ്ത്രം വലിച്ച് കീറിയ ശേഷം റോഡിലൂടെ വലിച്ചിഴച്ച്  എറിയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഓമനയുടെ പരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസ് കേസ്സെടുത്തു.
 

Follow Us:
Download App:
  • android
  • ios