മലപ്പുറം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹം പ്രകടപ്പിച്ച യുവാവിന്റെ വീട്ടിലെത്തിയ പ്രവർത്തകർക്ക് തന്റെ വീൽചെയർ നൽകി ഭിന്നശേഷിക്കാരനായ യുവാവ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് അൻസാബാണ് താൻ ഉപയോഗിച്ചിരുന്ന പഴയ വീൽ ചെയർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. എല്ലിനെ ബാധിക്കുന്ന രോഗം ബാധിച്ച അൻസാബ് വീൽ ചെയറിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.

മലപ്പുറം ഗവ. കോളേജിലെ ബി.കോം വിദ്യാർത്ഥിയായ അൻസാബ് തന്റെ സുഹൃത്തും കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനുമായ സനീഷിനോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് മലപ്പുറം ബ്ലോക്ക് സെക്രട്ടറി ഇല്ല്യാസിനേയും കൂട്ടി വലിയവരമ്പ് യൂണിറ്റിലെ പ്രവർത്തകർക്കൊപ്പം വീട്ടിലെത്തിയപ്പോൾ അൻസാബ് നൽകാനായി ഒരു വീൽചെയറായിരുന്നു എടുത്ത് വെച്ചിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് നൽകാനുള്ളത് ഇത് മാത്രമാണെന്ന് അറിയിച്ചതോടെ പ്രവർത്തകർ സഹായം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.