Asianet News MalayalamAsianet News Malayalam

പെരിങ്ങമലയില്‍ കൃഷി നടത്താമെന്ന് ഐഎംഎ; അംഗീകരിക്കില്ലെന്ന് ആദിവാസികള്‍

കൊടുംകാട്ടിനുള്ളിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഏഴര ഏക്കര്‍സ്ഥലത്തെ ചൊല്ലി വീണ്ടും പ്രതിഷേധം പുകയുകയാണ്.
 

dispute between peringamala tribes and  ima
Author
Peringamala, First Published Jun 28, 2020, 11:15 AM IST

തിരുവനന്തപുരം: പെരിങ്ങമലയില്‍ മാലിന്യസംസ്‌ക്കരണപ്‌ളാന്റിനായി വാങ്ങിച്ച സ്ഥലത്ത് കൃഷി നടത്താമെന്ന പുതിയ നിര്‍ദ്ദേശവുമായി ഐഎംഎ. എന്നാല്‍ പ്ലാന്റിന് മുന്നോടിയായാണ് പുതിയ നീക്കമെന്നും കൃഷി അനുവദിക്കില്ലെന്നുമാണ് ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരത്തിനൊരുങ്ങുകയാണ് ഇവര്‍.

പരസ്ഥിതി പ്രവര്‍ത്തകരുടേയും ആദിവാസികളുടെയും ശക്തമായ സമരത്തിനൊടുവിലാണ് ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള പ്‌ളാന്റ് തുടങ്ങാനുള്ള നീക്കം ഐഎംഎ ഉപേക്ഷിച്ചത്. ഇതോടെ വിവാദം തല്‍ക്കാലം കെട്ടടങ്ങി. പക്ഷെ കൊടുംകാട്ടിനുള്ളിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഏഴര ഏക്കര്‍സ്ഥലത്തെ ചൊല്ലി വീണ്ടും പ്രതിഷേധം പുകയുകയാണ്. 

സുഭിക്ഷകേരളം പദ്ധതിയില്‍പ്പെടുത്തി കൃഷി ചെയ്യാന്‍ തയ്യാറാണെന്നാണ് ഐഎംഎ കൃഷി വകുപ്പിനെ അറിയിച്ചത്. രണ്ട് പ്രശ്‌നങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ഒന്ന് ലോകത്തെ ഏറ്റവുമധികം ശുദ്ധജലകണ്ടല്‍ ചതുപ്പുകള്‍ ഉള്ള പ്രദേശം ഇല്ലാതാകും. രണ്ട് കൃഷി അനുവദിച്ചാല്‍ അതിലൂടെ വീണ്ടും പ്‌ളാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിലേക്ക് കടക്കും

മാലിന്യപ്ലാന്റിനെതിരെ എന്ന പോലെ കൃഷിക്കുള്ള നീക്കത്തിനെതിരെയും കാട്ടിനുള്ളിലെ സെറ്റില്‍മെന്റ് കോളിനിയിലെ ആദിവാസികളും എതിര്‍പ്പുയര്‍ത്തുന്നു. എന്നാല്‍ കൃഷിവകുപ്പാണ് തങ്ങളെ സമിപിച്ചതെന്നാണ് ഐഎംഎയുടെ വിശദീകരണം. അതില്‍ താല്‍പര്യം അറിയിക്കുകയായിരുന്നു. അതേ സമയം ഐഎംഎ കൃഷി ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് പെരിങ്ങമല പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയത്.

Follow Us:
Download App:
  • android
  • ios