അവിട്ടം നാളിലാണ് മാവേലിവേഷധാരിയുടെ ദേഹത്ത് അബദ്ധത്തിൽ തിളച്ച എണ്ണ വീണത്. തുടർന്ന് മരുന്ന് പുരട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ചന്ദ്രബാബുവിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു.

കായംകുളം: ദേഹത്ത് തിളച്ച എണ്ണ വീണ് പൊള്ളലേറ്റ മാവേലിവേഷധാരിയും ചായക്കടക്കാരനും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പായി. കായംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ഇരുവരും പരസ്പരം മാപ്പുപറയുകയും കരുനാഗപ്പള്ളി സ്വദേശിയായ മാവേലി വേഷധാരി ചന്ദ്രബാബു നൽകിയ പരാതി പിൻവലിക്കുകയും ചെയ്തു. പുള്ളിക്കണക്ക് സ്വദേശിയായ ചായക്കടക്കാരൻ അഷ്റാഫ് അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് മാപ്പുചോദിച്ചപ്പോൾ ചന്ദ്രബാബുവും തിരികെ മാപ്പുപറഞ്ഞു. അവിട്ടം നാളിലാണ് മാവേലിവേഷധാരിയുടെ ദേഹത്ത് അബദ്ധത്തിൽ തിളച്ച എണ്ണ വീണത്. തുടർന്ന് മരുന്ന് പുരട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ചന്ദ്രബാബുവിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു. വർഷങ്ങളായി പരിചയമുള്ളവരാണ് ഇരുവരും. ആർക്ക് തെറ്റുപറ്റിയാലും ക്ഷമിക്കാൻ തയ്യാറാകണമെന്നും തങ്ങൾ തമ്മിൽ ഇനി യാതൊരു പ്രശ്നവുമില്ലെന്നും ചന്ദ്രബാബു വ്യക്തമാക്കി. പരസ്പരം ആലിംഗനം ചെയ്ത് സ്നേഹം പങ്കിട്ട ശേഷമാണ് ഇരുവരും പൊലീസ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം