പരിപാടിക്കിടെ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് പ്രതികൾ സംഘം ചേർന്ന് കമ്മിറ്റി അംഗത്തെ മർദ്ദിച്ചത്.

ചേർത്തല: ശാവാശ്ശേരി ക്ഷേത്ര മൈതാനത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ മൂന്നുപേർ പൊലീസിന്റെ പിടിയിലായി. പരിപാടിക്കിടെ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് പ്രതികൾ സംഘം ചേർന്ന് കമ്മിറ്റി അംഗത്തെ മർദ്ദിച്ചത്. കോട്ടയം ജില്ലയിൽ നിന്നും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ആയ്മനം സ്വദേശി വിനീത് സഞ്ജയ്, ചേർത്തല മുനിസിപ്പാലിറ്റി പത്താം വാർഡിൽ താമത്താൻ വെളിയിൽ സന്തോഷിന്റെ മകൻ മഹാദേവൻ, തണ്ണീർമുക്കം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ കപ്പേള വിളി വീട്ടിൽ ജെയിംസ് ജോണിന്റെ മകൻ ജോൺ കെ ജെയിംസ് എന്നിവരെയാണ് ചേർത്തല പൊലീസ് ഷൊർണൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. അക്രമണത്തിന് ശേഷം ചേർത്തലയിൽ നിന്നും ഷൊർണൂരിലേക്ക് കടന്ന പ്രതികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് പൊലീസ് പിടികൂടിയത്. പിടിയിലായ വിനീത് സഞ്ജയ്‌ക്കെതിരെ അടിപിടിയും ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്നോളം കേസുകൾ നിലവിലുണ്ട്.

ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജു ലാലിന്റെ നിര്‍ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ മഞ്ജു ദാസ്, ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ബിജിത്ത് ലാൽ, സബ് ഇൻസ്പെക്ടർ ബിജു, സിവിൽ പൊലീസ് ഓഫിസര്‍മാരായ അജയ് മുരളീധരൻ, ഗിരീഷ്, പ്രവീഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം