ഹെൽമെറ്റ് കേടായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവർക്കുമിടയിൽ തർക്കമുണ്ടായത്

തിരുവനന്തപുരം: കല്ലമ്പലത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. അയൽവാസിയായ സുജിത്ത് (42) കൊല്ലപ്പെട്ട സംഭവത്തിലാണ് മുത്താന സ്വദേശി ബിനു (29) ആണ് അറസ്റ്റിലായത്. ഹെൽമെറ്റ് കേടായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവർക്കുമിടയിൽ തർക്കമുണ്ടായത്. തിങ്കളാഴ്ച സുജിത്തിന്‍റെ ഹെൽമെറ്റ് ബിനു കേടുവരുത്തിയിരുന്നു. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിറ്റേന്ന് സുജിത്ത് ബിനുവിനെ സമീപിച്ചതോടെയാണ് തർക്കം തുടങ്ങിയതെന്നാണ് വിവരം. തുടർന്ന് വീടിന്‍റെ മുറ്റത്തുവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ ബിനു വിറക് കഷ്ണം ഉപയോഗിച്ച് സുജിത്തിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റിട്ടും വീണ്ടും ആക്രമം തുടർന്നതോടെ സുജിത്തിനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അന്ന് തന്നെ കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം