കാർ ഹോണ്‍ മുഴക്കിയതോടെ ഇരുവരും വാക്പോരായി. ഇതിനിടെ ഓട്ടോയുടെ സീറ്റിനടിയില്‍ നിന്ന് കത്തിയെടുത്ത ഡ്രൈവർ കുത്താനാഞ്ഞു.

മലപ്പുറം: പെരിന്തൽമണ്ണ ഡിപ്പോയില്‍ കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെഎസ്ആർടിസി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുല്‍ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്. 

പെരിന്തല്‍മണ്ണ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സുനിലിനെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന് സർവിസ് പോകാനായെത്തിയ സുനില്‍, ജീവനക്കാർ വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് കാർ നിർത്താൻ ശ്രമിച്ചപ്പോള്‍ തടസ്സമായിട്ടിരുന്ന ഓട്ടോറിക്ഷ മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മാറ്റിയിടാൻ പറഞ്ഞപ്പോള്‍ ഓട്ടോ ഡ്രൈവർ ഗൗനിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. 

കാർ ഹോണ്‍ മുഴക്കിയതോടെ ഇരുവരും വാക്പോരായി. ഇതിനിടെ ഓട്ടോയുടെ സീറ്റിനടിയില്‍ നിന്ന് കത്തിയെടുത്ത അബ്ദുല്‍ റഷീദ് കുത്താനാഞ്ഞു. ഉടൻ ഇയാളുടെ കൈയില്‍ പിടിച്ചാണ് ആക്രമണം തടഞ്ഞതെന്ന് സുനിൽ പറഞ്ഞു. അല്‍പനേരം ബലപ്രയോഗം നടന്ന ശേഷമാണ് മറ്റുള്ളവരെത്തിയത്. വെഹിക്കിള്‍ സൂപ്പർ വൈസർ ഗിരീഷും ഡ്രൈവർ ഷംസുദ്ദീനും ചേർന്ന് അബ്ദുല്‍ റഷീദിനെ പിടിച്ചുമാറ്റുകയായിരുന്നെന്ന് സുനില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി ഓട്ടോ ഡ്രൈവറെയും കത്തിയും കസ്റ്റഡിയിലെടുത്തു.

കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം