കല്‍പ്പറ്റ: കണ്ണൂര്‍, മലപ്പുറം അടക്കമുുള്ള ജില്ലകളില്‍ കൊവിഡ് 19 വൈറസ് ബാധ  സ്ഥിരീകരിച്ച  പശ്ചാത്തലത്തില്‍  ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം. എന്നാല്‍, മതിയായ പരിശോധനകള്‍ക്ക്് ശേഷം അത്യാവശ്യക്കാരെ മാത്രം കടത്തിവിടും. രോഗം സ്ഥിരീകരിച്ച ജില്ലകളിലും മറ്റ് ജില്ലകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വയനാട്ടിലെത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ലക്കിടി, ബോയ്‌സ് ടൗണ്‍, നിരവില്‍ പുഴ, പേരിയ എന്നിവിടങ്ങളില്‍ പൊലീസ്, ആരോഗ്യ സംയുക്ത ടീമുകളെ നിയോഗിച്ച് പരിശോധന കര്‍ശനമാക്കും.  അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലയില്‍ പ്രവേശിക്കുന്നവരെ തിരിച്ചയക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അതിനിടെ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിടെ നിന്ന് വയനാട്ടിലെത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചതിനാല്‍ നിരവധി പേര്‍ ജില്ലയിലേക്ക് തിരിച്ച് വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ കഴിയണം എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക