ശംഖുമുഖത്ത് നടക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോ കാണാനെത്തുന്നവർക്കുള്ള നിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി. ഗതാഗത, പാർക്കിംഗ് ക്രമീകരണങ്ങളെക്കുറിച്ചും കെഎസ്ആർടിസി പ്രത്യേക സർവീസുകളെക്കുറിച്ചും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തുപരം: നേവൽഡേ ഓപ്പറേഷൻ ഡെമോ കാണുവാനെത്തുന്ന പൊതുജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതേണ്ടതാണെന്ന് ജില്ലാ ഭരണകൂട അറിയിപ്പ്. ശംഖുമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫില്ലിംഗ് പോയിന്റുകളിൽ നിന്നും കുപ്പികളിൽ വെള്ളം നിറയ്ക്കാവുന്നതാണ്. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്. ലഗേജുകളും വലിയ ബാഗുകളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങൾ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ചാക്ക-ആൽസെയിന്‍റ്സ് വഴി ശംഖുമുഖത്ത് എത്തി ആളുകളെ ഇറക്കിയതിന് ശേഷം പാസിലെ ക്യുആർ കോഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതും അതിനുശേഷം വരുന്ന വാഹനങ്ങൾ ഈഞ്ചക്കൽ-കല്ലുംമ്മൂട്-പൊന്നറപാലം-വലിയതുറ-ഡൊമസ്റ്റിക് എയർപോർട്ട് വഴിയും പോകേണ്ടതാണ്.
പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങൾ ചാക്ക-ആൽ സെയിന്‍റ്സ് - ബാലനഗർ റോഡ് വഴിയും ചാക്ക-ആൽസെയിന്‍റ്സ് - മാധവപുരം - വേളി ടൂറിസ്റ്റ് വില്ലേജ് - വെട്ടുകാട് വഴിയും പാസിൽ അനുവദിക്കപ്പെട്ട പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും നേവി ഏർപ്പെടുത്തിയിട്ടുളള വാഹനങ്ങളിൽ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏർപ്പെടുത്തിയ വാഹനങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങളിൽ എത്തി തിരികെ പോകേണ്ടതുമാണ്.
പാസില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ, വാഹനങ്ങൾ തിരുവനന്തപുരം സിറ്റി പരിധിയിൽ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതും, പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടതിനുശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ കയറി അതാത് പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകേണ്ടതാണ്.
ഉച്ചയ്ക്ക് ഒരു മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവ്വീസ് നടത്തുന്നതാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടുകളുടെ വിവരങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്നും വരുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ടിലും, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
എംസി റോഡ് വഴി വരുന്നവർ വാഹനങ്ങൾ എംജി കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നും വരുന്നവർ കവടിയാറിലുള്ള സാൽവേഷൻ ആർമി ഗ്രൗണ്ടിലും, സംസ്കൃത കോളേജ് യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യേണ്ടതാണ്. കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്നും വരുന്നവർ വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിലും, വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ് ഗ്രൗണ്ടിലും, വാട്ടർ അതോറിറ്റി പാർക്കിംഗ് കോമ്പൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.
പാറശ്ശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്നും വരുന്നവർ കിള്ളിപ്പാലം ബോയ്‌സ് ഹൈസ്കൂളിലും, ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലും ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ് പാർക്കിംഗ് ഗ്രൗണ്ടുകളിലും, പുത്തരികണ്ടം മൈതാനത്തും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കൽ ഭാഗങ്ങളിൽ നിന്നും വരുന്നവർ ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. വർക്കല, കടയ്കാവൂർ, പെരുമാതുറ ഭാഗങ്ങളിൽ നിന്നും തീരദേശ റോഡ് വഴി വരുന്നവർ വാഹനങ്ങൾ പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്റ് സേവ്യയേഴ്സ് കോളേജ് പാർക്കിംഗ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ്. വിവിധ പാർക്കിഗ് ഗ്രൗണ്ടുകളിൽ നിന്നും വെട്ടുകാട് ഭാഗത്തേക്ക് കെഎസ്ആർടിസി ബസുകൾ സര്‍വീസ് നടത്തും.
ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എൽ.എം.എസ് പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ നിന്നും പൂജപ്പുര-ജഗതി-വിമൻസ് കോളേജ് ജംഗ്ഷൻ-വഴുതക്കാട്-വെള്ളയമ്പലം-മ്യൂസിയം-വിജെറ്റി-ആശാൻസ്ക്വയർ-പേട്ട-ചാക്ക-ആൾസെയിന്റ്സ് കോളേജ് മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്.
ഹോമിയോ കോളേജ്, ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, കിള്ളിപ്പാലം സ്കൂൾ, പുത്തരികണ്ടം എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും ഹോമിയോ കോളേജ്, ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, കിള്ളിപ്പാലം സ്കൂൾ എന്നീ സ്ഥലങ്ങളിൽ നിന്നും കിഴക്കേകോട്ട വഴി സ്റ്റാച്യു-ആശാൻ സ്ക്വയർ-പേട്ട-ചാക്ക-ആൾസെയിൻ്റ്സ് കോളേജ് മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്.
പൂജപ്പര ഗ്രൗണ്ട്, വെള്ളയമ്പലം വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എൽ.എം.എസ് പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും പൂജപ്പുര-ജഗതി-വിമൻസ് കോളേജ് ജംഗ്ഷൻ - വഴുതക്കാട് - വെള്ളയമ്പലം - മ്യൂസിയം - വിജെറ്റി - ആശാൻസ്ക്വയർ - പേട്ട - ചാക്ക - ആൾസെയിന്റ്സ് കോളേജ് മാധവപുരം - വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കുന്നതാണ്.
എംജി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും കേശവദാസപുരം-പട്ടം-പിഎംജി-പാളയം- ആശാൻസ്ക്വയർ-പേട്ട-ചാക്ക-ആൾസെയിന്റ്സ് കോളേജ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടിലേക്ക് തിരികെ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കുന്നതാണ്.
ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്ര പാർക്കിംഗ് എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും വെൺപാലവട്ടം-കൊച്ചുവേളി റെയിൽവെ സ്റ്റേഷൻ-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴിയും വെൺപാലവട്ടം-ചാക്ക-ആൾസെയിൻ്റ്സ് കോളേജ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴിയും വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കുന്നതാണ്.
പുത്തൻതോപ്പ്, സെൻ്റ് സേവ്യയേഴ്സ് കോളേജ് പാർക്കിംഗ്, തുമ്പ വിഎസ്എസ്സി ഗ്രൗണ്ട് എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും പുത്തൻതോപ്പ്-ആറാട്ടുവഴി-പള്ളിത്തുറ-സ്റ്റേഷൻകടവ്-സൗത്ത് തുമ്പ മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരികെ കെ.എസ്.ആർ.ടിസി ബസുകളിൽ എത്തിക്കുന്നതാണ്. കോളേജ് /സ്കൂളുകളിൽ നിന്നും പരിപാടി കാണാനായി വരുന്നവർ മുൻകൂട്ടി ട്രാഫിക് പൊലീസിനെ അറിയിച്ച് പാർക്കിംഗ് സ്ഥലങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ യഥാസമയം എത്തിച്ചേരുന്നതിനായി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയർപോർട്ടിലേക്കുള്ള യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി എയർപോർട്ടിൽ എത്തിച്ചേരേണ്ടതും സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചക്കൽ വഴി തിരികെ പോകേണ്ടതാണ്. ഇന്‍റർനാഷണൽ എയർപോർട്ടിലേയ്ക്ക് വരുന്ന വാഹനങ്ങൾ ചാക്ക അനന്തപുരി ഹോസ്പിറ്റൽ- സർവ്വീസ് റോഡ് വഴി പോകേണ്ടതാണ്.
അവസരമൊരുക്കി കെഎസ്ആര്‍ടിസി
നാവികസേനാ ദിനമായ ഡിസംബർ 3ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്ത് അണിനിരക്കും. നാവിക സേനയുടെ 'ഓപ്പറേഷൻ ഡെമോ' എന്ന പേരിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കൂടി കാണാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരിക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
DISTRICT CO-ORDINATORS:
Trivandrum North – 9188619378
Trivandrum South – 9188938522
Kollam – 9188938523
Pathanamthitta – 9188938524
Alappuzha – 9188938525
Kottayam – 9188938526
Idukki – 9188938527
Ernakulam – 9188938528
Thrissur – 9188938529
Palakkad – 9188938530
Malappuram – 9188938531
Kozhikode – 9188938532
Wayanad – 9188938533
Kannur & Kasargod – 9188938534
STATE CO-ORDINATOR – 9188938521


