ഇരുമ്പ് വാതില്‍ മുറിയില്‍ കഴിയുന്ന അഞ്ജലിയുടെ ചികിത്സയ്ക്കും കുടുംബത്തിന് വീടൊരുക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് മകളെ അടച്ചിട്ടിരിക്കുന്ന അമ്മയുടെ ദുഖം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

കാസര്‍കോട്(Kasaragod) വിദ്യാനഗറിലെ രാജേശ്വരിയുടേയും മകളുടേയും സങ്കടങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇരുമ്പ് വാതില്‍ മുറിയില്‍ കഴിയുന്ന അഞ്ജലിയുടെ ചികിത്സയ്ക്കും കുടുംബത്തിന് വീടൊരുക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ഇരയായ (Endosulfan) മകളെ കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് അടച്ചിട്ടിരിക്കുന്ന അമ്മയുടെ ദുഖം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആയതോടെയാണ് മകള്‍ അഞ്ജലിയെ രാജേശ്വരി അടച്ചിട്ടത്.

എട്ട് വര്‍ഷമായി ഇരുമ്പ് വാതില്‍ മുറിയില്‍ ജീവിക്കുന്ന ഇരുപത് വയസുകാരിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറംലോകമറിഞ്ഞു.വാര്‍ത്തയെ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് കഴിഞ്ഞ ദിവസം രാജേശ്വരിയുടെ വീട്ടിലെത്തി. വിദഗ്ധ ഡോക്ടരെക്കൊണ്ട് അഞ്ജലിയെ പരിശോധിപ്പിച്ച് ചികിത്സിക്കുന്നതിന് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വീടിനുള്ള സംവിധാനവും ഒരുക്കുമെന്നും ഡെപ്യൂട്ടി കളക്ടര്‍ വിശദമാക്കി.മകളെ പരിചരിക്കേണ്ടതിനാല്‍ രാജേശ്വരിക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കാന‍് കഴിയില്ല. അതുകൊണ്ട് തന്നെ ജോലിക്ക് പോകാനാകില്ല. കുടുംബത്തിന്‍റെ ജീവിതച്ചെലവിനുള്ള തുകയ്ക്കായി ഒരു സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമം ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

കാസർഗോട് നിരവധി കുട്ടികളെ പോലെ അഞ്ജലിയും എന്‍ഡോസള്‍ഫാന്‍ വിതച്ച മഹാദുരിതത്തിന്റെ ഇരയാണ്. ഓട്ടിസം ബാധിച്ചതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചെറിയ പ്രായത്തില്‍ അമ്മയ്ക്ക് നിയന്ത്രിക്കാന്‍ ആവുമായിരുന്നെങ്കിലും ഇപ്പോള്‍ അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കിൽ സ്വയം ശരീരത്തിൽ കടിച്ച് മുറിവാക്കും. കുളിപ്പിക്കാനും കക്കൂസിൽ കൊണ്ടുപോകാനും ആഹാരം നൽകാനുമൊക്കെ പുറത്തേക്ക് കൊണ്ടുവരും. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കിക്കുമ്പോഴൊക്കെ ഉപദ്രവിക്കും. അങ്ങനെ പലതവണ താൻ താഴെ തറയിൽ വീണിട്ടുണ്ടെന്നും അഞ്ജലിയുടെ അമ്മ പറയുന്നു.

YouTube video player

ബെംഗളുരുവിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ആ മരുനന് കഴിച്ച് തുടങ്ങിയതിൽ പിന്നെ കുറച്ച് ആശ്വാസമുണ്ട്, മകളെ ചൂണ്ടി അമ്മ പറഞ്ഞു. 1700 രൂപ പെൻഷൻ കിട്ടുന്നുണ്ട്. വികലാംഗ പെൻഷനുമുണ്ട്. എന്നാൽ ഈ അമ്മയും വീട്ടിനുള്ളിലടയ്ക്കപ്പെട്ട ഈ മകളും താമസിക്കുന്നത് ഇവരുടെ സ്വന്തം വീട്ടിലല്ല, അഞ്ജലിയുടെ അമ്മാവന്റെ വീട്ടിലാണ്. 

അക്കൌണ്ട് വിവരങ്ങൾ

RAJESHWARI

AC NO: 42042010108320

IFSC: CNRB0014204

CANARA BANK

KASARAGOD BRANCH