തൃശൂര്‍: കൗണ്‍സില്‍ തീരുമാനം പെരുമാറ്റ ചട്ടലംഘനമാകുമെന്ന മുന്നറിയിപ്പോടെ തൃശൂര്‍ കോര്‍പറേഷന് ജില്ലാ കലക്ടറുടെ നോട്ടീസ്. നാളെ ചേരാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തിലെ 17 അജണ്ടകളില്‍ തീരുമാനമെടുത്താല്‍ അത് മാതൃകപെരുമാറ്റച്ചട്ടം ലംഘനമാവുമെന്ന് ഓര്‍മ്മപ്പെടുത്തി കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടിയാണ് തൃശൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതൃകപെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള കൗണ്‍സില്‍ യോഗം തീരുമാനം എടുക്കരുതതെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ രേഖാമൂലം കോര്‍പ്പറേഷനോട് ആവശ്യപ്പെടുകയായിരുന്നു. മാതൃകപെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി മേയര്‍ വിളിച്ചുകൂട്ടിയ നാളത്തെ കൗണ്‍സില്‍ യോഗം തീരുമാനമെടുത്താല്‍ പെരുമാറ്റചട്ട ലംഘനമായി കണാക്കി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ച് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

കലക്ടറുടെ നോട്ടീസോടെ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചിട്ടുള്ള അജണ്ടകളെ സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും നിയമലംഘനം നടത്തിയ മേയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് അഡ്വ എം കെ മുകുന്ദന്‍, ഉപനേതാവ് ജോണ്‍ഡാനിയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.